തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. 140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണ്. ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷതയെന്നും കുമ്മനം പ്രസ്താവയില്‍ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി. എന്നാല്‍ എല്‍ഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍ഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേര് വിജയിക്കുമായിരുന്നു.
മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രന് തോറ്റത്. 3 മണ്ഡലങ്ങളില്‍ അമ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാന്‍ ബി.ജെ.പിക്കായി. 24 മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ടുനേടാനും സഖ്യത്തിനായിട്ടുണ്ട്.
7 മണ്ഡലങ്ങളില്‍ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി. കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി ബി.ജെ.പി വളര്‍ന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. യു.ഡി.എഫ് ദുഷ്ഭരണത്തിനെതിരായ വിധിയെഴുത്ത് ബി.ജെ.പിക്ക് അനുകൂലമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments