കോഴിക്കോട് : കാശു കിട്ടുമെന്നു കേട്ടാല്‍ കയ്യിലിരിക്കുന്ന കാശും കടംമേടിച്ച കാശും വഴിയേ പോകുന്നവര്‍ക്ക് കൊടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്കു പറ്റിയ ഒരു സ്ത്രീ നഗരത്തില്‍ കറങ്ങുന്നുണ്ട്. യോഗമുണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലും അവരെത്തും. വോട്ടെടുപ്പു ദിവസം രാത്രിയാണ് മാവൂരിലെ കായലം സ്വദേശി ദാമോദരന്‍ എന്ന തെങ്ങു കയറ്റ തൊഴിലാളിയെ ഈ സ്ത്രീ സമര്‍ഥമായി പറ്റിച്ചത്. രാത്രി ഏഴു മണിയോടെ ദാമോദരന്റെ വീട്ടിലേക്കു തിടുക്കത്തില്‍ ഓടിക്കയറിയ സ്ത്രീ കലക്ടറേറ്റില്‍ നിന്നു വരികയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ഗീത എസ്. നായര്‍ എന്ന പേരിലാണ് ഇവിടെ പരിചയപ്പെട്ടത്. തിരുവമ്പാടി സ്വദേശിയാണെന്നും പറഞ്ഞു. മുന്‍പ് ദാമോദരന്റെ വീടിനു മുകളില്‍ തെങ്ങു വീണ വകയില്‍ ഇപ്പോള്‍ 95,000 രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അതു വാങ്ങണമെന്നു പറയാനാണു വന്നതെന്നും സ്ത്രീ പറഞ്ഞു.
ഈ തുക കൈപ്പറ്റാന്‍ 9000 രൂപയുടെ ഓഹരി എടുക്കണമെന്നും ഇവര്‍ ദാമോദരനെയും ഭാര്യയെയും പറഞ്ഞു വിശ്വസിപ്പിച്ചു. പണം ലാപ്‌സ് ആവാതിരിക്കാന്‍ ദാമോദരന്റെ കുടുംബത്തിനു വേണ്ടി താന്‍ ആ പണം ബാങ്കില്‍ അടച്ചെന്നും 9000 രൂപ ഇനി തനിക്കു തന്നാല്‍ മതിയെന്നും സ്ത്രീ പറഞ്ഞു. ഇന്നലെ രാവിലെ 10നു സിവില്‍ സ്റ്റേഷനില്‍ എത്തി പണം കൈപ്പറ്റണമെന്നും പറഞ്ഞു. ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഉപയോഗിക്കുന്ന രസീതില്‍ ദാമോദരന്റെ ഭാര്യയുടെ പേരും ഏതോ ഒരു അക്കൗണ്ട് നമ്പറും എഴുതി അതില്‍ 95,000 രൂപ എന്നു കൂടി ചേര്‍ത്ത് ദാമോദരനു നല്‍കി. ഭര്‍ത്താവ് റോഡില്‍ കാത്തു നില്‍ക്കുകയാണെന്നും 9000 രൂപ വേഗം വേണമെന്നും സ്ത്രീ ആവശ്യപ്പെട്ടു.
വീടിനു മുകളില്‍ തെങ്ങു വീണ വകയില്‍ മുന്‍പ് 2500 രൂപ കിട്ടിയിട്ടുള്ളതിനാല്‍, അതിന്റെ ബാക്കിയാകുമെന്നു കരുതി അടുത്ത വീടുകളില്‍ നിന്നു പണം കടം വാങ്ങി സ്ത്രീക്കു നല്‍കിയതായി ദാമോദരന്‍ പറയുന്നു. സ്ത്രീ പറഞ്ഞതു പ്രകാരം ഇന്നലെ രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ ദാമോദരന്‍ ഉദ്യോഗസ്ഥരെ കണ്ട് ബാങ്കിന്റെ രസീത് കാട്ടിയപ്പോഴാണു പറ്റിക്കപ്പെട്ട കാര്യം ബോധ്യപ്പെട്ടത്. മുന്‍പും ഇത്തരം സംഭവം ഉണ്ടായെന്നു ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദാമോദരന്‍ പറഞ്ഞു. തനിക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നു പണം ലഭിച്ച വിവരം ഈ സ്ത്രീ എങ്ങനെ അറിഞ്ഞു എന്നതാണ് ദാമോദരന്റെ സംശയം. ബാക്കിയുള്ളവര്‍ക്ക് ഈ സംശയം വേണ്ട, നിങ്ങളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് ആ സ്ത്രീ തേടിയെത്തിക്കൊള്ളും. പണം റെഡിയാക്കി വച്ചാല്‍ മാത്രം മതി.
Post Your Comments