കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ റാംഗോപാല്‍ മീണയാണ് മരിച്ചത്. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് എച്ച്.എസിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.
അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ക്യാംപിലെ സൈനികര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഭവമെന്നും സൂചനയുണ്ട്. വൈകീട്ട് ക്യാംപില്‍ സൈനികര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന ഉമേഷ് പാല്‍ സിങ് എന്ന ജവാന്‍ ആയുധവുമായി കടന്നതായി സൂചനയുണ്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് പാല്‍ സിങിന് അവധി നിഷേധിച്ചതാണ് വെടിവെയ്പ്പിന് പ്രകോപനമായത്. ആറു റൗണ്ട് വെടിവെയ്പ്പ് നടന്നതായാണ് വിവരം.
റാംഗോപാല്‍ മീണയെ മരിച്ച അവസ്ഥയിലാണ് വടകരയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞദിവസമാണ് റാംഗോപാല്‍ മീണ തെരഞ്ഞെടുപ്പ് ജോലിക്കായി വടകരയില്‍ എത്തിയത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. റാംഗോപാല്‍ മീണയുടെ മൃതദേഹം ഇപ്പോള്‍ വടകര സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും.
Post Your Comments