ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും തിയതിയില്‍ ഉണ്ടായിരിക്കുന്നത് ചെറിയ തെറ്റ് മാത്രമാണെന്നും ഡല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചതിന് പിന്നാലെയാണ് ചേതന്‍ ഭഗത് എ.എ.പിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.
അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ പഠിക്കണം. ആദ്യം ബിരുദം ഇല്ലെന്നായിരുന്നു. പിന്നീട് അത് വ്യാജമാണെന്നായി. ഇപ്പോഴിതാ ബിരുദമുണ്ട് എന്നാല്‍ അദ്ദേഹം ക്ലാസില്‍ ശ്രദ്ധിച്ചിരുന്നില്ല എന്നായി.ഇനി എന്താണ് പറയാന്‍ പോകുന്നത്. ഡല്‍ഹി സര്‍വ്വകലാശാല തന്നെ വ്യാജമെന്നാണോ. അവിടുത്തെ ഉദ്യോഗസ്ഥര്‍ മോദി ഭക്തരാണെന്നാണോ, ബിരുദം വിലകൊടുത്ത് വാങ്ങിയതായിരുന്നു എന്നാണോ? രാജ്യത്ത് മാറ്റം കൊണ്ടുവരും എന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഒരു പാര്‍ട്ടി വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കും പിന്നാലയാണെന്നും ചേതന്‍ ഭഗത് ആരോപിക്കുന്നു.
ഈ വിവാദത്തിലൂടെ എ.എ.പി അതിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്നും മാധ്യമങ്ങള്‍ ഇനിയെങ്കിലും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കണമെന്നും ചേതന്‍ ഭഗത് പറയുന്നു. കോടിക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായി പ്രശ്‌നങ്ങളുമുണ്ട്. അതില്‍ ശ്രദ്ധിക്കൂ. അല്ലാതെ ശ്രദ്ധ നേടുന്നതിനായി ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
Post Your Comments