കൊച്ചി● ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തിലെ വിദ്യാസമ്പരായ ജനങ്ങളെയാണ് പറ്റിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നും മോദി ചോദിച്ചു. തൃപ്പൂണിത്തുറയിലെ എന്‍.ഡി.എ തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം കളിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനായി ബംഗാളില്‍ ഒന്നിച്ചവര്‍ കേരളത്തില്‍ അഞ്ചു വര്‍ഷം വീതം ഭരിക്കാനുള്ള ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. സി.പി.എം കോണ്‍ഗ്രസും ബി.ജെ.പിയെ ഭയക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പാതയിലാണ്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരിതവും സംഘര്‍ഷവും മാത്രമാണ്.
രണ്ടുവര്‍ഷം മുമ്പുവരെയുള്ള പത്രങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വാര്‍ത്തകള്‍ മാത്രമാണ് വന്നിരുന്നതെന്നും മോദി ആരോപിച്ചു. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ അവര്‍ക്കു താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിര്‍വഹണത്തില്‍ പങ്കാളികളാക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്യമായ പരിഗണന നല്‍കുന്നു. കേരളത്തില്‍ ദരിദ്രര്‍ ദരിദ്രരായിത്തന്നെ കഴിയുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments