തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധ്യപത്യ മുന്നണി (എല്‍.ഡി.എഫ്) അധികാരത്തിലെത്തുമെന്ന് പുതിയ അഭിപ്രായ സര്‍വേ. തിരുവനന്തപുരം ആസ്ഥാനമായ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ മോണിട്ടറിംഗ് ഇക്കോണമിക് ഗ്രോത്ത് (ഐ.എം.ഇ.ജി) നടത്തിയ പ്രീ-പോള്‍ സര്‍വേയാണ് എല്‍.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്.
എല്‍.ഡി.എഫിന് 83 മുതല്‍ 90 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് മുന്‍ സ്റ്റാസ്റ്റിസ്റ്റിക്കല്‍ വകുപ്പ് ഡയറക്ടര്‍ എ മീരാ സാഹിബ് തലവനായ ഒരു കൂട്ടം സ്ഥിതിവിവരശാസ്ത്ര വിദഗ്ദര്‍ നടത്തിയ സര്‍വേയില്‍ അവകാശപ്പെടുന്നു. അതേസമയം അധികാരം നഷ്ടമാകുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് 50 മുതല്‍ 57 സീറ്റുകളില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം നിയമസഭയില്‍ അക്കൗണ്ട് തുറക്കാനിടയില്ലെന്നും സര്‍വേ പറയുന്നു.
തെക്ക്, മധ്യ, വടക്കന്‍ മേഖലകളിലെ 60000 വോട്ടര്‍മാര്‍ക്കിടയില്‍ ഏപ്രില്‍ 20 മുതല്‍ മേയ് 6 വരെയാണ് സര്‍വേ നടത്തിയത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും എന്‍.ഡി.എ വോട്ടു വിഹിതം വര്‍ധിപ്പിക്കുമെന്ന് സര്‍വേ പറയുന്നു.
നേമം, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ത്രികോണ മത്സരം നടക്കുന്നത്. ഇവിടങ്ങളില്‍ ബി.ജെ.പി പ്രബല ശക്തിയാണ്- സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ എ. മീരാസാഹിബ് പറഞ്ഞു.
ഈഴവരുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വലിയ സഹായം ചെയ്യില്ലെന്ന് സര്‍വേ പറയുന്നു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാക്കും. എന്നാല്‍ മധ്യകേരളത്തില്‍ യു.ഡി.എഫ് സീറ്റുകള്‍ നിലനിര്‍ത്തും. മലബാറില്‍ ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐയും യു.ഡി.എഫിന് പരിക്കേല്‍പ്പിക്കുമെന്നും സര്‍വേ പറയുന്നു.
കോണ്‍ഗ്രസ് വോട്ടു ബാങ്കില്‍ നിന്നും എന്‍.ഡി.എയിലേക്ക് ഒഴുക്കുണ്ടാകും. എന്നാല്‍ സി.പി.എമ്മിന്റെ ഈഴവ കേഡര്‍ വോട്ടുകളില്‍ ഈ മാറ്റം ഉണ്ടാകില്ലെന്നും മീരാ സാഹിബ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
വിമതന്മാര്‍ മൂലം യു.ഡി.എഫിന് ഏഴോളം സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ പറയുന്നു.
അഴിമതിയാണ് തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമായത്. ദേശിയ നേതാക്കളുടെ സന്ദര്‍ശനവും തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടര്‍മാരില്‍ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നും സര്‍വേ പറയുന്നു.
Post Your Comments