ന്യൂഡല്‍ഹി : അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ വമ്പന്‍മാര്‍ പിടിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. എസ്പി ത്യാഗിയെ പോലുള്ളവര്‍ ഇതില്‍ ചെറിയ മീനുകളാണെന്നും ബോഫോഴ്‌സ് കേസില്‍ ചെയ്യാനാകാത്തത് ഈ കേസില്‍ സംഭവിക്കുമെന്നും വിശദീകരിച്ചു. അഴിമതിയുടെ ആഴം കണ്ട് ഞെട്ടിയെന്നും പരീക്കര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
ഇടപാടിനെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം ഏറ്റുമുട്ടി. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ജയിംസ് മിഷലിനെ ഒരു കോണ്‍ഗ്രസ് നേതാവ് ദുബായിലെത്തി കണ്ടുവെന്ന് ബി.ജെ.പി അംഗം അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. സോണിയാഗാന്ധി കടുവയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പി അവരെ ഭയപ്പെടുകയാണെന്ന് തിരിച്ചടിച്ചു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താമെന്നോ അപമാനിച്ച് കീഴടക്കാമെന്നോ കരുതേണ്ടെന്ന് കോണ്‍ഗ്രസ് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്നും സോണിയ പറഞ്ഞു.
Post Your Comments