ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് പിടികൊടുക്കാതെ രതുല്‍ പുരി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവനാണ് രതുല്‍ പുരി. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാനാണ് രതുല്‍ പുരിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം ഹാജരായ പുരി ചോദ്യം ചെയ്യലിനിടെ തനിക്ക് കുറച്ച് ഇടവേള നല്‍കണമെന്നാവശ്യപ്പെട്ട് പുറത്ത് പോയി. പിന്നീട് മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു പുരിയുടെ ഫോൺ.
ബിസിനസുകാരനായ രതുല്‍ പുരിയെ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത് വിവിഐപി ചോപ്പേഴ്‌സ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ്. ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്ട്‌സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അധ്യക്ഷനായ പുരിയെ കോപ്റ്റര്‍ കേസില്‍ ഇഡി പലവട്ടം ചോദ്യംചെയ്തിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് കുറ്റപത്രം നല്‍കിയിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ പുരിക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അതേസമയം, തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പുരി വ്യക്തമാക്കിയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി അദ്ദേഹം ശനിയാഴ്ച ദില്ലി കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments