KeralaNews

നല്ലഭരണത്തിനു വേണ്ടിയുള്ള എന്‍.എസ്.എസ്. ഫോര്‍മുലയും നിലപാടും

ചങ്ങനാശ്ശേരി: മത-സാമുദായിക ചേരിതിരിവുകള്‍ക്ക്‌ ഇടവരുത്താവുന്ന സാഹചര്യങ്ങളെ ഒഴിവാക്കി, സാമൂഹികനീതി ഉറപ്പാക്കാന്‍ കെട്ടുറപ്പുള്ള ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും വേണമെന്ന നിലപാടുമായി എന്‍.എസ്.എസ്. സംഘടനാ മുഖപത്രമായ സര്‍വ്വീസിലെ മുഖപ്രസംഗത്തില്‍ തങ്ങളുടെ സമദൂര നിലപാടിലൂടെ ലക്ഷ്യമിടുന്നതും അതാണെന്ന് എന്‍.എസ്.എസ്. പറഞ്ഞു.

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും സമദൂര സിദ്ധാന്തം തുടരും എന്നുതന്നെയാണ് സംഘടനാ നിലപാട്. സംഘടനാ നയങ്ങളോടും നിലപാടുകളോടും മാന്യമായ സമീപനമുള്ള പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ ഗുണം ലഭിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമദൂരത്തില്‍ നിന്നുകൊണ്ടു തന്നെ ശരിദൂരം കണ്ടെത്തിയ സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും എന്‍.എസ്.എസിന് പ്രത്യേക മമതയില്ല.

രാജ്യഭരണം എന്നത് രാഷ്ട്രീയപ്പാര്‍ട്ടികളാണ് നടത്തേണ്ടത്, അല്ലാതെ മത-സാമുദായിക സംഘടനകളല്ല. അധികാരത്തിലുള്ള സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്ന് മാത്രം. അത് കൃത്യമായി എന്‍.എസ്.എസ്. നിര്‍വ്വഹിക്കുന്നതു കൊണ്ട് മാത്രം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോട് അടുപ്പമുണ്ടെന്നോ എതിരാണെന്നൊ പറയാനാവില്ല.

സാമുദായിക-സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംഘടനാ നിലപാടുകളില്‍ സ്വാര്‍ത്ഥതാത്പര്യങ്ങളോ രാഷ്ട്രീയലക്ഷ്യങ്ങളോ ഇല്ല.

സംഘടനയിലുള്ളവര്‍ക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കാം. അവരെയെല്ലാം ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാനാണ് സമദൂരം സ്വീകരിച്ചിരിക്കുന്നത്. അത് സംഘടനയുടെ ശക്തിയാണെന്നതും വ്യക്തമായി.

മറ്റു വിഭാഗങ്ങളെ ദോഷകരമായി ബാധിക്കാതെ, മുന്നോക്കവിഭാഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയാണ് എന്‍.എസ്.എസ്. ചെയ്തിട്ടുള്ളത്. മുന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് എന്‍.എസ്.എസ്. ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍.എസ്.എസ് കുറേയേറേ കര്‍ശനനിലപാടുകള്‍ സ്വീകരിച്ച ശേഷമാണ് തങ്ങളുടെ ആവശ്യങ്ങള്‍ കുറച്ചെങ്കിലും പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറായത്. എന്നാല്‍, എയ്‌ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയം തിരുത്തണമെന്ന ആവശ്യം ഇപ്പോഴും പരിഹരിച്ചിട്ടില്ല. അത്തരം പ്രശ്നങ്ങളില്‍ സംഘടനാ നിലപാട് തുടരുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button