ഫ്രാങ്ക്ഫുര്‍ട്ട്: വിജയ് മല്യയില്‍ നിന്ന് പണമാണ് വേണ്ടത്, അല്ലാതെ ന്യായീകരണങ്ങളല്ലെന്ന് എസ്.ബി.ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാങ്ക്ഫുര്ട്ടിലെത്തിയപ്പോഴാണ് അരുന്ധതി ഭട്ടാചാര്യ ഇക്കാര്യം പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
അടുത്തിടെ രാജ്യാന്തര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ കുടിശ്ശിക തീര്‍ക്കാന്‍ സന്നദ്ധനാണെന്ന് മല്യ അറിയിച്ചിരുന്നു. സന്നദ്ധത ഉണ്ടാകണം. അതുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലാകണം. പണമാണ് ഞങ്ങള്‍ക്ക് മടക്കിവേണ്ടത്. അല്ലാതെ ന്യായീകരണങ്ങളല്ല, ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.
വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു മല്യ പറഞ്ഞിരുന്നു. എന്നാല്‍ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9400 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്.
Post Your Comments