ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ടത് ഏകദേശം 25,000 ത്തോളം സ്ത്രീകള്‍. കേന്ദ്ര വനിത ശിശുക്ഷേ മന്ത്രി മനേക ഗാന്ധിയാണ് ലോക്‌സഭയില്‍ ഇക്കാര്യം പറഞ്ഞത്. 2012-2014 വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചുള്ള വിവരങ്ങളാണിത്.
2012-2014 കാലയളവില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് 30,000 ത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2012, 2013, 2014 വര്‍ഷങ്ങളില്‍ 8233, 8083, 8083 മരണങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012 മുതല്‍ 2014 വരെ യഥാക്രമം 9,038, 10,709, 10,050 കേസുകളാണ് സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സ്ത്രീധന നിരോധനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന് സര്‍ക്കാര്‍ ശില്‍പ്പശാലകളും സാംസ്‌കാരിക പരിപാടികളും സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു. പരസ്യങ്ങളിലൂടെയും ബോധവത്കരണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Post Your Comments