അരിസോണ: ബസിനുള്ളില്‍ പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ ഫീനിക്സില്‍ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസിലേക്ക് ഗ്രേഹൗണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ദര്‍ജീത് സിംഗ് എന്ന സിഖ് മതവിശ്വാസിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ പഞ്ചാബി ഭാഷ സംസാരിച്ചപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയതാണെന്ന് തെറ്റിദ്ധരിച്ച ഒരു യാത്രക്കാരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദര്‍ജീതിനെ പൊലീസ് 30 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെച്ചു.
ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ മുഹമ്മദ് ഛേത്രിയുമായാണ് ദര്‍ജീത് സിംഗ് പഞ്ചാബി സംസാരിച്ചത്. പഞ്ചാബി കേട്ട് അറബിയാണെന്നു തെറ്റിദ്ധരിച്ച യുവതി ഇരുവരും ബോംബ് ഭീഷണി മുഴക്കിയതാണെന്നും ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ബസ് ടെക്സാസിലെ അമരില്ലോയില് എത്തിയപ്പോള്‍ യാത്രക്കാര്‍ ഇരുവരേയും തടഞ്ഞുവെച്ചു. സ്ഥലത്തെത്തിയ പൊലീസുകാര്‍ ദര്ജീതിന്റെ തലപ്പാവ് അഴിച്ചു പരിശോധിക്കുകയും ഇതിന്റെ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദര്‍ജീതിനെ 30 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെക്കുകയായിരുന്നു.പിന്നീട് പഞ്ചാബി അറിയുന്ന ആളെ സ്ഥലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
അതേസമയം,തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയ്ക്കെതിരെ പരാതി നല്‍കുമെന്ന് ദര്‍ജീത് അറിയിച്ചു. അമേരിക്കയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments