ഡെറാഡൂണ്‍: ഉത്തരാഖണ്ടിലെ 2269 ഹെക്റ്ററോളം വനപ്രദേശത്ത് പടര്‍ന്നുവ്യാപിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ വായുസേനയുടെ നേത്രുത്വത്തിലാണ് തീ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. വായുസേനയുടെ ഒരു Mi-17 ചോപ്പര്‍ ഉപയോഗിച്ച് തീ പടര്‍ന്നിരിക്കുന്ന വനപ്രദേശങ്ങളില്‍ വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നൈനിറ്റാളില്‍ നിന്ന് തുടങ്ങി.
3000-ലിറ്റര്‍ ജലം വഹിക്കാന്‍ ശേഷിയുള്ള ചോപ്പര്‍ ഭീംതാല്‍ തടാകത്തില്‍ നിന്നാണ് ജലം ശേഖരിച്ച് അല്‍മഖന്‍, കില്‍ബാരി, നലേന ഭാഗങ്ങള്‍ക്ക് മുകളില്‍ ജലം ചീറ്റിയുള്ള തീഅണയ്ക്കല്‍ ശ്രമങ്ങള്‍ നടത്തുന്നത്.
പക്ഷേ പൌരി പ്രദേശത്ത് ഇതേരീതിയിലുള്ള ശ്രമങ്ങള്‍ നടത്താന്‍ തയാറാക്കിയ മറ്റൊരു ചോപ്പര്‍ വെളിച്ചക്കുറവ് കാരണം ഇതുവരെ ശ്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാം എന്ന കണക്കുകൂട്ടലിലാണ് അധികൃതരും നാട്ടുകാരും.
കാട്ടുതീ ഇതുവരെ 7 ആളുകളുടെ ജീവനെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ തീ അടിയന്തിരമായി അണയ്ക്കാനുള്ള നടപടികളുടെ ഭാഗമായി 6000 ആളുകളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
Post Your Comments