സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ വനമേഖലയുടെ ഭാഗമായ മൂലങ്കാവ് ഓടപ്പള്ളം ഭാഗത്ത് വന്‍ കാട്ടുതീ. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. മുളങ്കൂട്ടത്തിന് തീപ്പിടിച്ചതോടെ സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്കും മറ്റ് മേഖലയിലേക്കും പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും വനത്തിന്റെ ഉള്‍ഭാഗത്തേക്കും തീ വ്യാപിക്കുന്നതായി ആശങ്കയുണ്ട്.
അടിക്കാടുകള്‍ കുറവായ ഇവിടെ കൂടുതൽ ഭാഗത്തും ഉണങ്ങിയ മുളങ്കാടുകളാണ്. ഇതിനാണ് പ്രധാനമായും തീപിടിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മുത്തങ്ങയ്ക്ക് പോകുന്ന വഴിയിലാണ് തീപിടിത്തമുണ്ടായ ഓടപ്പള്ളം ഭാഗം. ജനവാസ മേഖലയാണെങ്കിലും തീ ഇവിടേക്ക് പടര്‍ന്നിട്ടില്ല.ഏകദേശം നൂറേക്കറോളം വനമേഖലയെ തീ ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
മാത്രമല്ല, ഒരു പന്നിഫാമിലേക്ക് തീപടര്‍ന്നതിനാല്‍ പന്നികള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പന്നിഫാമായിരുന്നു ഇത്. രാവിലെ പതിനൊന്ന് മണിയോടെയുണ്ടായ തീ പിടിത്തം ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞപ്പോഴാണ് ഭാഗികമായെങ്കിലും അണയ്ക്കാന്‍ കഴിഞ്ഞത്.
Post Your Comments