ജയ്പുര്‍: നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ മരം വെട്ടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്‍ ശിക്ഷയായി 363 മരങ്ങള്‍ നടാന്‍ ഹനുമാന്‍ഗഡ് ജില്ലാ കലക്ടര്‍ രാംനിവാസിന്‍റെ ഉത്തരവ്. ഭില്‍ബംഗയിലെ തഹസില്‍ദാര്‍ ബസന്ത് മീണയ്ക്കാണ് ശിക്ഷ ലഭിച്ചത്. രാജസ്ഥാന്റെ സംസ്ഥാന വൃക്ഷമായ ഖേചടി മരങ്ങളാണു ചിലര്‍ വെട്ടിയത്. ഇതിനെതിരെ പരാതിയുമായി ആളുകള്‍ തഹസില്‍ദാരെ സമീപിച്ചെങ്കിലും മരം വെട്ടുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ഇതോടെ ആളുകള്‍ തഹസില്‍ദാരുടെ ഓഫിസ് പിക്കറ്റ് ചെയ്യുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണു കലക്ടര്‍ ഇടപെട്ടതും ശിക്ഷ വിധിച്ചതും. രാജസ്ഥാനിലെ നിയമപ്രകാരവും ഖേചടി മരങ്ങള്‍ വെട്ടുന്നതിനു നിരോധനമുണ്ട്. കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും കഴിഞ്ഞ ദിവസം സ്ഥലംമാറ്റമായതോടെ ആദ്യഘട്ടം മരംനടീല്‍ നടപ്പാക്കി. സമീപത്തെ സ്കൂളിന്റെ പരിസരത്താണു തഹസില്‍ദാര്‍ മരങ്ങള്‍ നട്ടത്. സ്ഥലംമാറിയാലും ശിക്ഷ പൂര്‍ത്തിയാക്കുമെന്നും മുഴുവന്‍ മരങ്ങളും നടുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments