വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന മെയ് 19-നോ അതിനു ശേഷമുള്ള ദിവസങ്ങളിലോ കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനഃസംഘടന നടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍.
“മെയ് 19-ന് മന്ത്രിമാരെല്ലാം ന്യൂഡല്‍ഹിയില്‍ തന്നെ ഉണ്ടാവണമെന്ന് അറിയിപ്പ് ലഭിച്ചു കഴിഞ്ഞതായി ഒരു കേന്ദ്രമന്ത്രി അറിയിച്ചു.
മെയ് 19-ന് തന്നെയാണ് ആസ്സാം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പോണ്ടിച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തു തന്നെയായാലും പുനഃസംഘടന വൈകിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യമില്ലെന്നും, തന്‍റെ പുതിയ ടീം അധികം താമസിയാതെ രൂപീകരിച്ച് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്‍റെ ആലോചന എന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
മന്ത്രിമാരായി ചില പുതുമുഖങ്ങള്‍ വന്നേക്കാമെന്നാണ് സൂചന. ഗവണ്‍മെന്‍റിനും ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയില്‍ പുനഃസംഘടന നടത്താനുള്ള പ്രാഥമിക നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് പൂര്‍ത്തിയാക്കിയതായാണ് ലഭിക്കുന്ന വിവരങ്ങള്‍.
മെയ് 26-ന് എന്‍ഡിഎ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷങ്ങള്‍ തികയുകയാണ്. ഈ നാഴികക്കല്ല് പിന്നിടുന്നതിനോടനുബന്ധിച്ചാണ് മന്ത്രിസഭാ-പാര്‍ട്ടി പുനഃസംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ഈ കാലയളവില്‍ കേന്ദ്രം സ്വീകരിച്ച നടപടികളെപ്പറ്റിയും ഈ അവസരത്തില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിടും.
Post Your Comments