ശ്രീഹരിക്കോട്ട: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി വിജയകരമായി വിക്ഷേപിച്ചു. മുന്‍ നിശ്ചയിച്ചപോലെ ആദ്യ എട്ട് സെക്കന്റില്‍ തന്നെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. ഇരുപത് മിനിറ്റിനുള്ളില്‍ ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി ഭ്രമണപഥത്തിലെത്തുമെന്നാണ് കരുതുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉച്ചയ്ക്ക് 12.50ന് പി.എസ്.എല്‍.വി 33ലാണ് വിക്ഷേപണം നടന്നത്. ഇന്ത്യയിലെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാനത്തേതും ഏഴാമത്തേതുമാണ് ഐ.ആര്‍.എന്‍.എസ്.എസ് വണ്‍ ജി.
ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്). പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ഉപഗ്രഹങ്ങള്‍ മതിയെങ്കിലും മറ്റു മൂന്നെണ്ണം കൂടി ചേരുമ്പോള്‍ കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ പറഞ്ഞു. ഏഴ് ഉപഗ്രഹങ്ങള്‍ക്കുമായി മൊത്തം ചെലവ് 1,420 കോടി രൂപയാണ്.
ആദ്യ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1എയുടെ വിക്ഷേപണം 2013 ജൂലൈ ഒന്നിനായിരുന്നു. തുടര്‍ന്ന് ഐ.ആര്‍.എന്‍.എസ്.എസ്. 1 ബി (2014 ഏപ്രില്‍ 4), ഐ.ആര്‍.എന്‍.എസ്.എസ്. 1 സി (2014ഒക്ടോബര്‍ 16), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി (2015 മാര്‍ച്ച് 28), ഐ.ആര്‍.എന്‍.എസ്.എസ്. 1 ഇ (2016 ജനുവരി 20), ഐ.ആര്‍.എന്‍.എസ്.എസ്. 1 എഫ് (2016 മാര്‍ച്ച് 10) എന്നിവയും വിക്ഷേപിച്ചു.
Post Your Comments