ഡൽഹി: ഇന്ത്യയുടെ സൗര്യ ദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തിലേക്ക് കുതിപ്പ് തുടരുന്നു. ഇതുവരെയുള്ള യാത്ര വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ പേലോഡുകൾ പ്രവർത്തനം ആരംഭിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് എന്നിവയാണ് പ്രവർത്തനക്ഷമമായത്.
സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയുൾപ്പെടെയുള്ള വിവിധ വശങ്ങൾ നിരീക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഏഴ് പേലോഡുകൾ പേടകത്തിലുണ്ട്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചശേഷമാകും ‘ആദിത്യ’ ലക്ഷ്യസ്ഥാനത്ത് എത്തുക.
ഈ യാത്രയ്ക്കിടെയാണ് പേടകത്തിലെ സുപ്രധാന ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കുന്നതിൽ ഐഎസ്ആർഒ വിജയിച്ചിരിക്കുന്നത്. രണ്ട് സെൻസറുകൾ ഉപയോഗിച്ചാണ് സ്വിസ് എന്ന സ്‌പെക്ട്രോമീറ്റർ സൗരക്കാറ്റുകളിലെ അയോണുകളെപ്പറ്റി വിവരങ്ങൾ ശേഖരിക്കുക. ഇത്തരത്തിൽ രണ്ട് ദിവസം ശേഖരിച്ച വിവരങ്ങളുടെ ഗ്രാഫിക്കൽ ചിത്രം അടങ്ങുന്ന ഹിസ്റ്റോഗ്രാമും ഐഎസ്ആർഒ പങ്കുവെച്ചു. ഭൂമിയിലേക്കയച്ച ഈ വിവരങ്ങൾ ഇനി വിശകലനം ചെയ്യും.
Post Your Comments