ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’ കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ ഐഎസ്ആർഒയുടെ മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 – എം4 റോക്കറ്റ്. രണ്ട് ഖര-ഇന്ധന ബൂസ്‌റ്ററുകളും ഒരു ലിക്വിഡ്-ഇന്ധന കോർ സ്‌റ്റേജും ഉൾക്കൊള്ളുന്ന മൂന്ന്-ഘട്ട റോക്കറ്റാണ്. ഖര-ഇന്ധന ബൂസ്‌റ്ററുകൾ പ്രാരംഭ ത്രസ്‌റ്റ് നൽകുന്നു. അതേസമയം, ദ്രവ-ഇന്ധന കോർ ഘട്ടമാണ് റോക്കറ്റിനെ ഭ്രമണപഥത്തിലേക്ക് നയിക്കുന്നതിന് സുസ്ഥിരമായ ത്രസ്‌റ്റ് ഉറപ്പാക്കുന്നത്.
ഒരു മാസത്തിന് ശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം റോവറിനെ വിന്യസിക്കാൻ രൂപകൽപ്പന ചെയ്‌ത 2 മീറ്റർ ഉയരമുള്ള ലാൻഡർ ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. തുടർച്ചയായ പരീക്ഷണങ്ങൾ നടത്തി ഏകദേശം രണ്ടാഴ്‌ചയോളം റോവർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments