ജിദ്ദ: ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി 2018ല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നേരിട്ടും അല്ലാതെയും 80,000 ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖി പറഞ്ഞു. കുവൈറ്റ് സിറ്റിയില്‍ നിന്നുമാരംഭിച്ച് മസ്‌കറ്റില്‍ അവസാനിക്കുന്ന 2117 കിലോമീറ്റര്‍ നീളമുള്ള റെയില്‍ പാത യാഥാര്‍ഥ്യമാകുന്നതോടെ ധാരാളം നേട്ടങ്ങള്‍ മേഖലയ്ക്ക് ഉണ്ടാകും.
വിവിധ മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, സാമൂഹിക മേഖലകളെ പുഷ്ടിപ്പെടുത്താന്‍ പദ്ധതി വഴിവയ്ക്കുമെന്ന് അബ്ദുറഹീം നഖി പറഞ്ഞു. സൗദി റെയില്‍വേ റിപ്പോര്‍ട്ടില്‍ ഗള്‍ഫ് റെയില്‍വേ പദ്ധതി സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. പദ്ധതിക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അതീവ പ്രധാന്യം കൊടുക്കുന്നുണ്ട്. പഠനം നടത്തുന്നതിന് വിദഗ്ധ കമ്പനികളെ ചുമതലപ്പെടുത്തി. വിശദമായ സാമ്പത്തിക, സാങ്കേതിക റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമിതി രൂപവത്കരിച്ചു. റെയില്‍വേ ലൈനുകള്‍ കടന്നുപോകേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും പദ്ധതി നടപ്പിലാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വിത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. അതിന് സമയപരിധി നിര്‍ണയിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശദമായ എന്‍ജിനീയറിങ് പ്‌ളാനുകള്‍ തയാറാക്കലും ഇതിലുള്‍പ്പെടും.
റെയില്‍പാത കുവൈറ്റില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം. കടല്‍പാലമുണ്ടാക്കി ദമാം വഴി ബഹ്‌റൈനിലെത്തുകയും ദമാമിനെ ഖത്തറുമായും ഖത്തറിനെ ബഹ്‌റൈനുമായും നിര്‍ദിഷ്ട ഖത്തര്‍ബഹ്‌റൈന്‍ പാലവുമായും ബന്ധിപ്പിക്കും. യു.എ.ഇയെ സൗദിയുമായി ബന്ധിപ്പിക്കുന്നത് ബത്ഹ പ്രവേശന കവാടം വഴിയാണ്. അവിടെ നിന്ന് ഒമാനിലെത്തും. സഹാര്‍ വഴിയാണ് മസ്‌കറ്റിനെ ബന്ധിപ്പിക്കുന്നതെന്നും നഖി വ്യക്തമാക്കി. പാതയുടെ മൊത്തം ദൂരത്തില്‍ 663 കിലോമീറ്ററും സൗദിയിലാണ്. മൊത്തം 15.4 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യാത്ര ട്രെയിനുകളുടെ സ്പീഡ് മണിക്കൂറില്‍ 220 കിലോമീറ്ററും ചരക്ക് ട്രെയിനുകളുടേത് 80മുതല്‍120 കിലോമീറ്റര്‍ വരെയായി നിര്‍ണയിച്ചിട്ടുണ്ട്. വൈദ്യുതിക്ക് ഡീസലായിരിക്കും ഉപയോഗിക്കുക. റെയില്‍പാതകള്‍, സിഗ്‌നല്‍, വാര്‍ത്താവിനിമയ, ഓപറേഷന്‍, റിപ്പയറിങ് സംവിധാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ നൂതനവും മികച്ചതുമാകുമെന്നും അബ്ദുറഹീം നഖി പറഞ്ഞു.
Post Your Comments