അമല്‍ ദേവ
സ്ഥാനാർഥികളോട് ജനപക്ഷത്തുനിന്നുളള ചോദ്യങ്ങൾ
* സ്ഥാനാർഥി ആയത് എന്ത് ലക്ഷ്യത്തിൽ ?
* സ്ഥാനാർഥി എന്ന നിലയിൽ ഉള്ള പ്രതീക്ഷകൾ എന്തെല്ലാം ?
* എം.എൽ.എ ആയാൽ എന്ത് ചെയ്യും ?
കെ. ബി ഗണേഷ്കുമാർ എൽ.ഡി.എഫ് സ്ഥാനാർഥി
* രാഷ്ട്രീയരംഗം അഴിമതി വിമുക്തമാക്കാനും, നിയോജകമണ്ഡലത്തിൽ സമഗ്രമായ വികസനമെത്തിക്കാനും ആണ് വീണ്ടും മത്സരിക്കുന്നത്. എം. എൽ.എ എന്ന നിലയിൽ പത്തനാപുരത്തിന്റെ വികസനപൂർണ്ണവും സമഗ്രവുമായ ഭാവി ലക്ഷ്യമിട്ട് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി പ്രവർത്തിക്കുന്നു.
* പത്തനാപുരത്തെ ആസ്ഥാനമാക്കി താലൂക്ക് രൂപവത്കരിച്ചു. നഗരത്തിൽ കിട്ടുന്ന എല്ലാ സൗകര്യങ്ങളും നാട്ടിൻപുറത്ത് എത്തിച്ചു. കൂടാതെ അഴിമതിസർക്കാരിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകളും പോരാട്ടങ്ങളും വിജയപ്രതീക്ഷ വർദ്ധിപ്പിക്കാൻ മുതൽക്കൂട്ടാണ്.
* ഭാവിയെ മുന്നിൽക്കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങൾ നടത്തും. എല്ലാ ബി.പി.എൽ , പട്ടികജാതി കുടുംബങ്ങളിലും വാട്ടർ കണക്ഷനുകൾ ലഭ്യമാക്കും. രാജ്യത്ത് ലഭ്യമായ മികച്ച ആധുനിക സൗകര്യങ്ങളോടെ താലൂക്ക് ആശുപത്രി വികസിപ്പിക്കും. സർക്കാർ വക സ്കൂളുകളെ ആധുനികവത്കരിക്കും. കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കും.
പി.വി. ജഗദീഷ് കുമാർ യു.ഡി.എഫ് സ്ഥാനാർഥി
* വികസനമെന്നത് മേനിപറച്ചിൽ മാത്രമാക്കാതെ അടിസ്ഥാന വർഗങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കണം പ്രവർത്തിക്കണം. ജനപ്രതിനിധികൾക്ക് നാടിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതാണ് മത്സരിക്കാനുള്ള പ്രധാനകാരണം.
* തകർന്ന റോഡുകളും വളരെ പരിമിതമായ ഗതാഗത സൗകര്യങ്ങളും പത്തനാപുരം മണ്ഡലത്തിലെ ജനങ്ങളെ വലയ്ക്കുകയാണ്. ഈ മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോൾ കാണാൻ സാധിക്കുന്നത് വികസന മുരടിപ്പാണ്. താലൂക്ക് ആസ്ഥാനമായിട്ടുപോലും ആശുപത്രികളെല്ലാം പഴയ അവസ്ഥയിൽ തന്നെ. കിടത്തിചികിത്സയുള്ള ഒരു സർക്കാർ ആശുപത്രി പോലും പത്തനാപുരം മണ്ഡലത്തിൽ ഇല്ല.
* പത്തനാപുരത്തെ മറ്റു മണ്ഡലങ്ങൾക്ക് മുൻപിൽ മാതൃകാ മണ്ഡലമാക്കും. സർക്കാർ ആശുപത്രികൾ പൂർണ്ണമായും വികസിപ്പിച്ച് സൗകര്യങ്ങൾ മെച്ചപ്പെട്ടതാക്കും. കായികം, ടൂറിസം മേഖലകൾ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തും.ജനങ്ങൾക്ക് എം.എല്.എയുമായി ഏതുസമയത്തും ബന്ധപ്പെടാവുന്ന സംവിധാനം ഒരുക്കും.
രഘു ദാമോദരൻ (ഭീമൻ രഘു) ബി.ജെ.പി സ്ഥാനാർഥി
* മന്ത്രിയുടെ സ്വന്തം മണ്ഡലം ആയിട്ടുപോലും വികസനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന പത്തനാപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡൽ വികസനം കൊണ്ടുവരാനുള്ള ഉറച്ച ലക്ഷ്യത്തോടെ ആണ് ഞാൻ മത്സരിക്കുന്നത്. രാഷ്ട്രീയത്തിലെ നേരും നെറിയും സദാചാരവും ബലികഴിച്ച് ജനങ്ങളെ പറ്റിക്കുന്ന ഇരുമുന്നണികളുടെയും നിലപാടുകൾക്കും അഴിമതിക്കും ദുർഭരണത്തിനും എതിരെയാണ് ഈ മത്സരം.
* പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന പാർശ്വവത്കരിക്കപ്പെട്ട നിരവധിപ്പേർ ഈ മണ്ഡലത്തിലുണ്ട്. അവർ ഇത്തവണ നൂറുശതമാനം പിന്തുണയ്ക്കും എന്ന ഉറച്ച വിശ്വാസവുമുണ്ട്.
* പട്ടയം ഇല്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകും. പരാജയപ്പെട്ടും മുടങ്ങിയും കിടക്കുന്ന സകല കുടിവെള്ള പദ്ധതികളും കാര്യക്ഷമമാക്കും. അടഞ്ഞുകിടക്കുന്ന എല്ലാ കശുവണ്ടി ഫാക്ടറികളും തുറക്കും. ആധുനിക സംവിധാനമുള്ള മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമ്മിക്കും.താലൂക്കുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും പത്തനാപുരത്ത് കൊണ്ടുവരും. കെ.എസ്.ആർ.ടി.സി ഡിപ്പോ വികസനപൂർണ്ണമാക്കും.
Post Your Comments