NewsInternational

നയതന്ത്രബന്ധങ്ങളില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തി സുഷമാ സ്വരാജിന്‍റെ ഇറാന്‍-റഷ്യ സന്ദര്‍ശനം

അമേരിക്കയുമായി ഇന്ത്യ അതീവപ്രാധാന്യമുള്ള ഒരു ലോജിസ്റ്റിക്സ് സഹകരണ ഉടമ്പടിക്ക് തത്ത്വത്തില്‍ സമ്മതിച്ചതിന് ശേഷമുള്ള വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്‍റെ വിദേശ സന്ദര്‍ശനങ്ങള്‍ രാജ്യത്തിന്‍റെ നയതന്ത്രബന്ധങ്ങളിലെ സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള സുപ്രധാന നീക്കങ്ങളായി.

അമേരിക്കയ്ക്ക് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ഇന്ധനം നിറയ്ക്കല്‍, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി ഉപയോഗിക്കാം എന്ന ഉടമ്പടിയിലാണ് ഇന്ത്യയും യുഎസും തമ്മില്‍ തത്ത്വത്തില്‍ ധാരണയായത്. തങ്ങളുടെ അയല്‍രാജ്യമായ ഇന്ത്യയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമുണ്ടാകുന്നത് ചൈനയ്ക്കും, റഷ്യയ്ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ തന്‍റെ റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചൈനീസ്‌, റഷ്യന്‍ വിദേശകാര്യ മന്ത്രിമാരുമായി സുഷമ കൂടിക്കാഴ്ചകള്‍ നടത്തിയത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു.

അമേരിക്കയ്ക്ക് ഇന്ത്യയില്‍ വരാം എന്നതു പോലെ റഷ്യയ്ക്കും, ചൈനയ്ക്കും ഇന്ത്യയില്‍ നടക്കുന്ന പല സംരഭങ്ങളിലും പങ്കെടുക്കാം എന്ന് സുഷമ അറിയിച്ചു. ഗോവയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനേയും ചൈനീസ്‌ പ്രസിഡന്‍റ് സി ജിന്‍പിങ്ങിനേയും സുഷമ ക്ഷണിച്ചു.

പാകിസ്ഥാനില്‍ താവളമുറപ്പിച്ച് ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാക്-തീവ്രവാദിയും തീവ്രവാദ സംഘടന ജയ്ഷ്-എ-മൊഹമ്മദ്‌ തലവനുമായ മസൂദ് അസറിനെ യുണൈറ്റഡ് നേഷന്‍സിന്‍റെ തീവ്രവാദി പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തിന് ചൈന വിലങ്ങുതടിയായ വിഷയവും സുഷമ ഉന്നയിച്ചു. ചൈനീസ്‌ വിദേശകാര്യ മന്ത്രി വാംഗ് യിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് സുഷമ ഈ വിഷയം പരാമര്‍ശിച്ചത്. ഇതോടെ ഇന്‍ഡോ-അമേരിക്കന്‍ ബന്ധത്തെക്കുറിച്ചുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നതില്‍ ചൈനയ്ക്ക് അയവു വരുത്തേണ്ടി വന്നു.

ഇന്ത്യ-ചൈന-റഷ്യ ത്രിതല കോണ്‍ഫ്രന്‍സ് നടക്കവേ ചൈനയെ പേരെടുത്ത് പരാമര്‍ശിക്കാതെ, തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎന്‍-ല്‍ ചില രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഇരട്ടത്താപ്പിനേയും സുഷമ ചോദ്യം ചെയ്തു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചയില്‍, റഷ്യയിലെ കസാനില്‍ ഒരു ഇന്ത്യന്‍ ബിസിനസ്മാന്‍ കൊല്ലപ്പെട്ടതും, റഷ്യയിലെ സമോളെന്‍സ്ക് മെഡിക്കല്‍ അക്കാദമിയില്‍ പഠിച്ചിരുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ തീപിടിത്തത്തില്‍ മരണമടഞ്ഞതുമായ വിഷയങ്ങള്‍ ഉണയിച്ചു. മൂന്നു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ കൂടുതല്‍ പാരസ്പര്യം പുലര്‍ത്തണമെന്നും, കൂടിക്കാഴ്ച്ചകളുടെ എണ്ണം കൂട്ടണമെന്നും സുഷമ നിര്‍ദ്ദേശം വച്ചു.

നേരത്തേ ഇറാനിലും സുഷമ സന്ദര്‍ശനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button