കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പോളിങ്ങ് ബൂത്തില്‍ തിരഞ്ഞെടുപ്പു പ്രകിയകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇതാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് അവസരം. സമൂഹത്തിലെ എല്ലാവിഭാഗത്തില്‍പ്പെടുന്നവരെയും തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ഒരു പോളിങ്ങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഈ മാസം 30നാണ് ഇവിടെ വോട്ടെടുപ്പ്.
ബൂത്തിന്റെ പേരോ മണ്ഡലം ഏതാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സമൂഹത്തില്‍ നിന്നുണ്ടാകുന്ന ഒറ്റപ്പെടുത്തല്‍ മൂലം ഭിന്നലിംഗക്കാര്‍ പുറംലോകത്തേക്ക് വരാന്‍ മടിക്കുകയാണെന്നും സമൂഹത്തിന് അവരെ തിരിച്ചറിയാനുള്ള അവസരമുണ്ടാക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്മിതാ പാണ്ഡേ വ്യക്തമാക്കി.
മറ്റുള്ളവരെ പോലെ തന്നെ ഭിന്നലിംഗക്കാര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മുമ്പ് പശ്ചിമ ബംഗാളിലെ ഭിന്നലിംഗ വികസ ബോര്‍ഡില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള പാണ്ഡേ പറഞ്ഞു. അവസരം ലഭിക്കാത്തതാണ് പ്രശ്‌നം. അവരെ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ ഭിന്നലിംഗക്കാര്‍ക്ക് നല്‍കുന്നത് ചെറിയൊരു അവസരം മാത്രമാണെന്നും അവരെ വോട്ടുചെയ്യാന്‍ അനുവദിക്കുകയാണ് ആദ്യം വേണ്ടതെന്നും ലിംഗസമത്വ പ്രവര്‍ത്തകനായ പവന്‍ ദാള്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 6.5 കോടി വോട്ടര്‍മാരില്‍ 758 ഭിന്നലിംഗക്കാര്‍ക്കേ വോട്ടവകാശമുള്ളൂ.
Post Your Comments