ന്യൂഡല്‍ഹി: ആധാര്‍ ലെറ്ററും, അതില്‍ നിന്നും മുറിച്ചെടുത്ത ഭാഗവും, ഡൗണ്‍ലോഡ് ചെയ്ത ശേഷം സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുക്കുന്ന ആധാറും സാധുതയുള്ളവയാണെന്ന് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അതേസമയം, പ്ലാസ്റ്റിക് കാര്‍ഡുകളില്‍ ആധാര്‍ പ്രിന്റ് ചെയ്യുന്നതിന് 50 രൂപ മുതല്‍ 200 രൂപ വരെ ഈടാക്കുന്ന തട്ടിപ്പില്‍ പെടരുതെന്നും യു.ഐ.ഡി.എ.ഐ മുന്നറിയിപ്പ് നല്‍കി.
സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത ആധാര്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത ആധാര്‍ ലാമിനേറ്റ് ചെയ്യാനായും ചില സ്ഥാപനങ്ങള്‍ പണം ഈടാക്കുന്നുണ്ട്. ലാമിനേറ്റ് ചെയ്ത കാര്‍ഡുകളുടെയോ, സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് എന്നു വിളിക്കുന്ന പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളുടെയോ ആവശ്യമില്ലെന്നും യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുന്നവര്‍ക്ക് https://eaadhaar.uidai.gov.inഎന്ന വെബ്‌സൈറ്റില്‍ നിന്നും ആധാര്‍ കാര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇവ ബ്ലാക്ക് & വൈറ്റായി പ്രിന്റ് ചെയ്ത് സൂക്ഷിച്ചാലും മതി. ഇതിനു പുറമേ ലാമിനേറ്റ് ചെയ്തതോ, പ്ലാസ്റ്റിക് കാര്‍ഡുകളോ ആയ ആധാര്‍ കാര്‍ഡുകള്‍ വേണ്ടവര്‍ക്ക് അംഗീകൃത സേവന കേന്ദ്രങ്ങളില്‍ നിന്നും 30 രൂപയില്‍ താഴെ മാത്രം ചെലവില്‍ ലഭിക്കും.
അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് ആധാര്‍ നമ്പരുകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ കൈമാറരുത്. ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കരുതെന്നും അത് ക്രിമിനല്‍ കുറ്റമാണെന്നും ഇകൊമേഴ്‌സ് കമ്പനികളായ ഇബേ, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ മുതലായവയെ അറിയിച്ചിട്ടുണ്ടെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.
Post Your Comments