കൊല്ലം : പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 87 പേര് മരിച്ചു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നിലഅതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാം. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.
വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് വന്‍ ദുരന്തം ഉണ്ടായത്. ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചിറയിന്‍കീഴ് സ്ഥലങ്ങളില്‍ നിന്നുളളവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്തെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആലോചിച്ചതിനുശേഷം തീരുമാനിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഡിജിപി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറ്റു പരിപാടികള്‍ റദ്ദാക്കി കൊല്ലത്തേക്ക് തിരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ടിന് അനുമതി നല്‍കിയത് വ്യവസ്ഥകളോടെയാണെന്ന് ഡി.ജി.പി.സെന്‍കുമാര്‍ അറിയിച്ചു.
നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ് നടത്തിയതെന്നാണ് വിവരം. കണ്ട്രോള് റൂം നമ്പര്‍: 0474 2512344
Post Your Comments