ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പാകിസ്താന്‍. പത്താന്‍കോട്ട് ആക്രമണം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന ധാരണയിലല്ല പാക് അന്വേഷണ സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതെന്നും പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മാധ്യമപ്രവര്‍ത്തകരുടെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാക് ഹൈകമീഷണര്‍. അസ്വാരസ്യങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്നും കശ്മീര്‍ പ്രശ്‌നമാണ് സമാധാന ശ്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശ ബന്ധമുള്ള നിരവധി പേരെ പാകിസ്താന്‍ അറസ്റ്റ് ചെയ്‌തെന്ന് അബ്ദുല്‍ ബാസിത് പറഞ്ഞു. ഇന്ത്യ അസ്ഥിരത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന പാകിസ്താന്റെ വാദത്തിനെ സാധൂകരിക്കുന്നതാണ് കല്‍യാദവ് ഭൂഷന്റെ അറസ്‌റ്റെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പൂര്‍ണമായി തടസപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം ആരോപിച്ച ഇന്ത്യ പാകിസ്താന് തെളിവുകള്‍ കൈമാറിയിരുന്നു. പിന്നാലെ ഇന്ത്യയിലെത്തിയ പാക് സംയുക്ത അന്വേഷണ സംഘം (ജെഐടി) പത്താന്‍കോട്ട് സന്ദര്‍ശിച്ചു. വ്യോമതാവളം സന്ദര്‍ശിച്ചെങ്കിലും ആക്രമണത്തിന് ദൃക്‌സാക്ഷിയായ ഇന്ത്യന്‍ സുരക്ഷാ സേനാംഗങ്ങളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയില്ലെന്നും ജെഐടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പത്താന്‍കോട്ട് ആക്രമണം പാകിസ്താനെ അവഹേളിക്കാന്‍ ഇന്ത്യ നടത്തിയ നാടകമാണെന്നും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത് സത്യം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പാക് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments