ബെയ്ജിംഗ്: ബെയ്ജിംഗിലെ ഹോട്ടലില്‍ യുവതിയെ ആക്രമിക്കുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ലി എന്നു പേരുള്ള 24 കാരനാണ് വ്യാഴാഴ്ച അറസ്റ്റിലായത്.
യുവതി ആക്രമണത്തിനിരയാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു. അതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജനരോഷം വ്യാപകമായതിനെ തുടര്‍ന്ന് സംഭവത്തില്‍ ഹോട്ടലില്‍ അധികൃതര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ചൈനയിലെ പ്രശസ്ത മൈക്രോബ്ലോഗിങ് നെറ്റ്‌വര്‍ക്കായ സിന വെയ്‌ബോയാണ് വീഡിയോ അപ് ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഈ വീഡിയോ കാണുകയും ചെയ്തു. കറുത്ത ജാക്കറ്റ് ധരിച്ച ഒരാള്‍ യുവതിയെ സമീപിക്കുന്നതും ആക്രമിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. തന്നെ ആക്രമിച്ചയാളെ അറിയില്ലെന്നാണ് യുവതി പറയുന്നതെന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തവര്‍ പറഞ്ഞിരിക്കുന്നത്. ഹോട്ടല്‍ ജീവനക്കാരന്‍ സംഭവം കണ്ടെങ്കിലും അവരെ രക്ഷിക്കാന്‍ തയാറായില്ലെന്നും അവര്‍ പറയുന്നു.
ബെയ്ജിംഗിലെ ഹെയ് ഹോട്ടല്‍ ശൃംഖലയിലെ യിറ്റല്‍ ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിന്റെ അപര്യാപ്തമായ കസ്റ്റമര്‍ കെയര്‍, മാനേജ്‌മെന്റ് സംവിധാനത്തില്‍ മാതൃസ്ഥാപനമായ ഹോമിന്‍സ് മാപ്പു പറഞ്ഞു.
ചൈനയില്‍ അടുത്തിടയായി ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ നടക്കുന്നുണ്ട്. സഹായം ആവശ്യമായ സംഭവങ്ങളിലും പലരും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്യുന്നുണ്ട്. കേസോ പ്രശ്‌നങ്ങളോ ഉണ്ടാകുമോ എന്നു കരുതിയാണ് പലരും ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ ഇടപെടാന്‍ മടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ കാണാം..
Post Your Comments