ഇസ്ലാമാബാദ്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമായിരുന്നുവെന്ന് പാക് പത്രം. പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (ജെ.ഐ.ടി) ഉദ്ധരിച്ചാണ് പാക് പത്രമായ ‘പാകിസ്ഥാന് ടുഡേ’ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സംഘത്തോട് ഇന്ത്യ സഹകരിച്ചില്ലെന്നും കൃത്യമായ തെളിവില്ലാതെ പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും ഭീകരര്‍ പാകിസ്ഥാനില്‍ നിന്നെത്തിയവരാണെന്ന് തെളിയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും അന്വേഷണത്തെ തടസപ്പെടുത്തുന്ന നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും പത്രം പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് ദിവസത്തിനകം പ്രധാനമന്ത്രി നവാസ് ഷെരീഫിന് സമര്‍പ്പിക്കും.
ആക്രമണം നടത്തിയ ഭീകരര്‍ നിമിഷങ്ങള്‍ക്കകം കൊല്ലപ്പെട്ടു. എന്നാല്‍ ലോകശ്രദ്ധ നേടുന്നതിനായി ആക്രമണം ഇന്ത്യ മൂന്നുദിവസത്തേക്ക് നീട്ടുകയായിരുന്നു. പാക്കിസ്ഥാനെ താഴ്ത്തികെട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ നാടകമാണ് ഭീകരാക്രണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, പാകിസ്ഥാന്റെ ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഭീകരാക്രമണം ഇന്ത്യയുടെ നാടകമാണെന്ന പാകിസ്ഥാന്റെയും ഐ.എസ്.ഐയുടേയും നിലപാട് ഇരട്ടത്താപ്പാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അഞ്ചംഗ പാക്ക് സംഘമാണ് കഴിഞ്ഞ മാസം അന്വേഷണത്തിനായി ഇന്ത്യയിലെത്തിയത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) പ്രതിനിധിയും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. പത്താന്‍കോട്ട് വ്യോമത്താവളത്തിലെത്തി തെളിവെടുത്ത സംഘം സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്ന ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെയും സംഘം ചോദ്യം ചെയ്തിരുന്നു.
ആക്രമണത്തിന് ജയ്ഷെ മുഹമ്മദ് നടത്തിയ ഒരുക്കങ്ങളും അവർ കൈമാറിയ സന്ദേശങ്ങളും മറ്റു വിശദാംശങ്ങളും സംഘത്തിന് എന്‍.ഐ.എ കൈമാറി പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ, ഡിഎൻഎ റിപ്പോർട്ടുകൾ തുടങ്ങിയവയും കൈമാറി. ആക്രമണത്തിൽ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെയും പേരും മേൽവിലാസവും കൈമാറുകയും അവ സ്ഥിരീകരിക്കാൻ പാക്ക് സംഘത്തോട് എന്‍.ഐ.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments