കുവൈറ്റ് സിറ്റി: തിരഞ്ഞെടുപ്പിന് മുന്നോടിയായി താന്‍ നടത്തിയ കേരള യാത്രയില്‍ ലഭിച്ചത് പ്രവാസി കുടുംബങ്ങളുടെ വക 350 പരാതികളായിരുന്നുവെന്നും അതില്‍ 95% വും പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുവൈറ്റില്‍ പറഞ്ഞു. തനിക്ക് ലഭിച്ച പരാതികള്‍ വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജിന് കൈമാറുകയും പ്രശ്നപരിഹാരത്തിന് അവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാടുകള്‍ കൈക്കൊള്ളുകയെന്നത് ബി ജെ പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കുമ്മനം പറഞ്ഞു. കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിഷത്ത് പ്രവാസി മഹോത്സവത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
60 വര്‍ഷം ഭരിച്ച ഇടത് വലത് സര്‍ക്കാരുകള്‍ക്ക് കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. കേരളത്തിന് ആവശ്യമുള്ളതിന്റെ 13 % പോലും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കേരളത്തില്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നില്ല. 5.5 ലക്ഷം ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അത് രണ്ടര ലക്ഷമായി കുറഞ്ഞു. എന്നിട്ടും 400 ഏക്കര്‍ വരുന്ന മെത്രാന് കായല്‍ നികത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജലസ്രോതസുകള്‍ നശിക്കുന്നു. 25 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തമായി കിടപ്പാടമില്ല. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ അവസരങ്ങളില്ല. കേരളത്തിന് എല്ലാം ഉണ്ട് എന്നാല്‍ ഒന്നും ഇല്ലെന്നതാണ് സ്ഥിതി.
അടുത്ത തലമുറയേക്കുറിച്ച് ഭരിക്കുന്നവര്‍ക്ക് ചിന്ത വേണമെന്ന് കുമ്മനം പറഞ്ഞു.മതേതരത്വം പ്രസംഗിക്കാനുള്ളതല്ല, അനുഷ്ഠിക്കാനുള്ളതാണ്. കേരളത്തില്‍ മതേതരത്വം വില്പ്പനചരക്കാണിപ്പോള്. മതങ്ങള്‍ തമ്മില്‍ പാലം പണിയുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി കെ കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് ഇന്ന് കേരളത്തിന്റെ നിലനില്‍പ്പിനു കാരണമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
യു എ ഇയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് മുഖ്യ സംഭാവന നല്കിയ സമൂഹം പ്രവാസികളാണെന്നാണ് യു എ ഇയിലെ ഭരണാധികാരികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞത്. മലയാളികളുടെ സംഭാവനകള്‍ തങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ മലയാളികള്‍ മുഖ്യ പങ്കുവഹിച്ചെന്ന്! ലോകരാജ്യങ്ങള്‍ തന്നെ വാഴ്ത്തിപ്പറയുമ്പോള്‍ മലയാളികളുടെ സ്വന്തം നാട് പ്രതിദിനം തളര്‍ന്നുപോകുകയാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 80 ശതമാനം വേണം ശമ്പളവും പെന്‍ഷനും കൊടുക്കാന്‍. അങ്ങനെ തകര്‍ന്ന തളര്‍ന്ന കേരളത്തെ പുനസൃഷ്ടിക്കാന്‍ സമ്പന്നതയിലേക്ക് കൊണ്ടുവരാന്‍ ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ ഒരു പുതിയ രാഷ്ട്രീയം ഉയര്‍ന്നു വരണം.
പുതിയ തലമുറയ്ക്ക് അന്തസായി ജീവിക്കുവാന്‍ കഴിവുള്ള ഒരു രാഷ്ട്രീയം സൃഷ്ടിക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും കൃഷ്ണദാസ് പറഞ്ഞു. ചടങ്ങില്‍ കുവൈറ്റിലെ ഏറ്റവും പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ മനോജ് മാവേലിക്കരയ്ക്ക് സംഘടനയുടെ ആദ്യ അംഗത്വം കുമ്മനം രാജശേഖരന് കൈമാറി. ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, രാജശേഖരന്, ഹരി ബാലരാമപുരം, വിജയരാഘവന്, ബിനോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Post Your Comments