KeralaNews

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അനുഗ്രഹമാകുന്ന ബാങ്കിംഗ് സേവനം നിലവില്‍ വരുന്നു

കോട്ടയം: സംസ്ഥാനത്തെ ട്രഷറികളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക്. കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് ഇതുകൊണ്ട് ഏറെ പ്രയോജനം ലഭിക്കുക. ഇനി ഏത് ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങാനാകും. നാലുലക്ഷത്തോളം പെന്‍ഷന്‍കാരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകും.

തിരുവനന്തപുരം സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍, കാട്ടാക്കട ട്രഷറികളില്‍ ഏപ്രില്‍ ഒന്നുമുതല്‍ കോര്‍ ബാങ്കിംഗ് തുടങ്ങി. ഈ മാസം അവസാനത്തോടെ എല്ലാ ട്രഷറികളിലും ഇത് നിലവില്‍ വരും.
കോര്‍-ബാങ്കിംഗ് സംവിധാനം പ്രയോജനപ്പെടുത്താന് പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡ് എടുക്കണം. ഇതുവച്ച് അവര്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും നല്‍കും.

അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനമുണ്ട്. ചില ട്രഷറികളിലും സര്‍ട്ടിഫിക്കറ്റ് നല്ഡകാന്‍ സൗകര്യം ഒരുക്കി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും സര്‍ട്ടിഫിക്കറ്റ് എടുക്കാം.കേന്ദ്രസര്‍ക്കാരിന്റെ ജീവന്‍ പ്രമാണ്‍ എന്ന സൈറ്റില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത്.നിലവില്‍ ട്രഷറികളിലെ സേവിംഗ്‌സ് ബാങ്കില്‍ ചെക്ക് നല്‍കി പെന്‍ഷന്‍ വാങ്ങുന്ന രീതിയാണുള്ളത്. അതത് ട്രഷറികളില്‍ നിന്നുമാത്രമേ ഇത് വാങ്ങാനാകുമായിരുന്നുള്ളൂ.
പെന്‍ഷന്‍കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് ട്രഷറികളില്‍ പ്രത്യേക ക്യാമ്പ് നടത്തിയിരുന്നു. ഇത് പ്രയോജനപ്പെടുത്താത്തവര്‍ക്കായി ട്രഷറികളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ലൈഫ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ വരുന്നതോടെ ആണ്ടിലൊരിക്കല്‍ പെന്‍ഷന്‍കാര്‍ ട്രഷറിയില്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തണമെന്നതും ഒഴിവാകും. പെന്‍ഷന്‍ വാങ്ങുന്നയാള്‍ ജീവിച്ചിരുപ്പുണ്ടെന്ന് തെളിയിക്കുന്നതിനാണ് മസ്റ്ററിങ്.മസ്റ്ററിങ്ങിന്, പെന്‍ഷന്‍ വാങ്ങുന്ന ട്രഷറിയില്‍ ഹാജരായി രേഖകള്‍ പൂരിപ്പിച്ചു നല്‍കണമായിരുന്നു. ഇനി വീട്ടിലിരുന്ന് സ്മാര്‍ട്ട് ഫോണിലൂടെയോ അക്ഷയകേന്ദ്രം വഴിയോ ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മസ്റ്റര്‍ ചെയ്യാം. ട്രഷറിയില്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തുന്ന രീതിയും തുടരും.

പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ (പി.പി.ഒ.)പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇതിന് ഒരു പകര്‍പ്പുകൂടിയുണ്ട്. ഒന്ന് ട്രഷറിയില്‍ സൂക്ഷിക്കും. പെന്‍ഷന്‍ വാങ്ങുന്നയാളിന്റെ പക്കലാണ് മറ്റൊന്ന്.
ഇതുമായി ട്രഷറിയിലെത്തിയാണ് മസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. പി.പി.ഒ. രേഖകള്‍ നഷ്ടപ്പെട്ടുപോകുന്നതും മറ്റും പ്രയാസങ്ങള്‍ക്കിടയാക്കിയിരുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍ കിടപ്പായാലും മസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകളുണ്ടായി. അത്തരം സാഹചര്യങ്ങളില്‍ ട്രഷറി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് മസ്റ്റര്‍ ചെയ്തിരുന്നത്.അതേസമയം, ബാങ്കിലൂടെയും പോസ്റ്റോഫീസിലൂടെയും പെന്‍ഷന്‍ വാങ്ങാനുള്ള സൗകര്യങ്ങളും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button