KeralaNews

ഗൗരിയമ്മയെ എന്‍.ഡി.എയിലേയ്‌ക്കെത്തിക്കാന്‍ രാജന്‍ ബാബുവിന്റെ ദൂത്

ഡല്‍ഹി : ഇടത് മുന്നണി കൈവിട്ട ഗൗരിയമ്മയുടെ ജെ.എസ.്എസിനെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാന്‍ ശ്രമം. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.എസ്.എസ് വിഭാഗം നേതാവ് എ.എന്‍. രാജന്‍ ബാബുവാണു ദൂതുമായി ഗൗരിയമ്മയെ സമീപിച്ചത്. ഗൗരിയമ്മ എന്‍.ഡി.എയില്‍ ചേരാന്‍ തയാറാണെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ജെ.എസ്.എസ് വിഭാഗം ഗൗരിയമ്മയുടെ ജെ.എസ്.എസില്‍ ലയിക്കാന്‍ തയ്യാറാണെന്നും രാജന്‍ ബാബു അറിയിച്ചു.

ബി.ജെ.പിയ്ക്കും ഗൗരിയമ്മ മുന്നണിയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല. ഗൗരിയമ്മയോടു സൗഹൃദപൂര്‍വമായ നിലപാടാണു ബി.ജെ.പിക്കുള്ളതെന്നും എതിര്‍പ്പു പ്രകടിപ്പിക്കേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗൗരിയമ്മയുടെ നിലപാടാണു പ്രധാനം. ഗൗരവപൂര്‍വം ചര്‍ച്ചചെയ്യേണ്ട വിഷയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

ഗൗരിയമ്മ എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുമെന്നു ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍.ഡി.എ ലയനം സംബന്ധിച്ച് ഗൗരിയമ്മയുടെ പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായും രാജന്‍ ബാബു അനൗപചാരിക ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്. ഗൗരിയമ്മ ഇക്കാര്യത്തില്‍ പരസ്യമായ എതിര്‍പ്പോ സമ്മതമോ പ്രകടിപ്പിച്ചിട്ടില്ല. സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചുവെന്ന അഭിപ്രായമാണ് ഗൗരിയമ്മക്കും അണികള്‍ക്കും ഉള്ളത്. ക്ഷണിച്ച് വരുത്തി ഇലയിട്ട് ഊണില്ല എന്ന അവസ്ഥയായി എന്നാണ് ഒരു ജെ.എസ്.എസ് നേതാവ് പ്രതികരിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം എകെജി ഭവനിലേക്ക് ക്ഷണിച്ച് കളിയാക്കുകയാണ് സി.പി.എം ചെയ്തത്. ഇത് ക്ഷമിക്കാനാവില്ലെന്നും ജെ.എസ.്എസ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റെങ്കിലും ലഭിച്ചാല്‍ ഇടത് മുന്നണിയുമായി സഹകരിക്കാമെന്ന് ഗൗരിയമ്മയ്ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ സി.പി.എം സീറ്റില്‍ ഗൗരിയമ്മ നിര്‍ദ്ദേശിക്കുന്ന സ്വതന്ത്രനെ പരിഗണിക്കാമെന്നാണ് സി.പി.എം നിലപാട്. ഇതിനെ വഴങ്ങേണ്ടതില്ലെന്ന് ജെ.എസ്.എസ് നേതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button