ലക്നൌ: “ഭാരത് മാതാ കീ ജയ്” വിളിയുടെ ഇനിയും അടങ്ങിയിട്ടില്ലാത്ത വിവാദങ്ങളുടെ ഇടയില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്‍റെ നിലപാട് വ്യക്തമാക്കി. ആരേയും “ഭാരത് മാതാ കീ ജയ്” വിളിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും, എല്ലാവരും സ്വമേധയാ അങ്ങിനെ വിളിക്കുന്ന ഒരു ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് വേണ്ടതെന്നുമാണ് മോഹന്‍ ഭഗവത് ലക്നൌവില്‍ വച്ച് അഭിപ്രായപ്പെട്ടത്.
“ആരിലും അടിച്ചേല്‍പ്പിക്കാതെ, ലോകത്തെല്ലാവരും സ്വമേധയാ “ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കുന്നത്ര മഹത്തായ ഒരു ഭാരതവര്‍ഷം കെട്ടിപ്പെടുക്കുകയാണ് നാം ചെയ്യേണ്ടത്,” ഭഗവത് പറഞ്ഞു. പുതിയ തലമുറയെ ഭാരത മാതാവിനെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പരിശീലിപ്പിക്കുകയാണ് വേണ്ടതെന്ന തന്‍റെ തന്നെ മുന്‍അഭിപ്രായത്തില്‍ നിന്നുള്ള പുരോഗമനം ഭഗവതിന്‍റെ ഈ പുതിയ നിലപാടില്‍ നിരീക്ഷിക്കാം.
“നമ്മുടെ ജീവിതം കൊണ്ടുതന്നെ ലോകരെ വഴികാട്ടുകയാണ് നാം ചെയ്യേണ്ടത്. ആരെയെങ്കിലും തോല്‍പ്പിക്കാനോ വിജയം പിടിച്ചു വാങ്ങാനോ നമ്മള്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രത്യയശാസ്ത്രങ്ങളും ചിന്തകളും ആരുടെമേലും അടിച്ചേല്‍പ്പിക്കുന്നുമില്ല. നാം അവരുടെ വഴികാട്ടികളാകാന്‍ ആഗ്രഹിക്കുന്നത് അവര്‍ നമ്മുടെ സ്വന്തമാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ്,” ലക്നൌവിലെ ചരിത്രപ്രസിദ്ധമായ “സ്മൃതിഭവന്‍” എന്ന ആര്‍.എസ്.എസ് ആസ്ഥാനത്ത് പുതുതായി പണികഴിപ്പിച്ച “കിസാന്‍ ഭവന്‍” ഉദ്ഘാടനം ചെയ്തുകൊണ്ട് ഭഗവത് പറഞ്ഞു.
ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനതത്വം “വസുദൈവ കുടുംബകം” (ലോകമെല്ലാം ഒരു കുടുംബം) ആണെന്ന് പറഞ്ഞ ഭഗവത് ഒരു മഹത്തായ ഇന്ത്യ കെട്ടിപ്പെടുക്കാന്‍ ആര്‍.എസ്.എസ് പ്രതിജ്ഞാബദ്ധമാണെന്നും ആവര്‍ത്തിച്ചു.
Post Your Comments