CricketNewsSports

അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയോട് ധോണി പറഞ്ഞതെന്ത്‌?

ബംഗളുരു: ബംഗ്ലാദേശിനെതിരായ ലോകകപ്പ്‌ 20-20 മത്സരത്തിലെ അവസാന പന്തില്‍ വിജയം പിടിച്ചു വാങ്ങിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനപ്രവാഹമാണ്. അവസാന രണ്ട് ഓവറുകള്‍ നിര്‍ണ്ണായകമായി മാറിയ മത്സരത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍സി പുതിയൊരു തലത്തിലേക്ക് ഉയര്‍ന്നു. ജസ്പ്രീത് ബുംറ എറിഞ്ഞ 19-ആം ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തില്‍ 11 റണ്‍സായിരുന്നു. നേരത്തേ എറിഞ്ഞ 2 ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെയാണ് ധോണി പിരിമുറുക്കത്തിന്‍റെ പാരമ്യത്തില്‍ എറിയേണ്ട അവസാന ഓവര്‍ എന്ന ദൌത്യം ഏല്‍പ്പിച്ചത്.

ധോണിയും മുതിര്‍ന്ന ബൗളര്‍ ആശിഷ് നെഹ്രയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാണ്ഡ്യ പാലിച്ചതാണ് ഇന്ത്യന്‍ വിജയത്തിന് വഴി തെളിച്ചത്. പാണ്ഡ്യയോട് യോര്‍ക്കര്‍ എറിയാനേ നോക്കണ്ട എന്നായിരുന്നു ധോണി നല്‍കിയ ഉപദേശം.

ബംഗ്ലാദേശിന്‍റെ ശുവഗതോ ഹോമിനു നേരേ യോര്‍ക്കര്‍ എറിയാന്‍ ശ്രമിക്കണ്ട എന്നായിരുന്നു പാണ്ഡ്യക്ക് ലഭിച്ച നിര്‍ദ്ദേശം. യോര്‍ക്കര്‍ എറിയാന്‍ ശ്രമിക്കുന്നത് പലപ്പോഴും ഫുള്‍-ടോസ് ആയി മാറും, അങ്ങിനെ സംഭവിച്ചാല്‍ അത് ബൗണ്ടറിയിലേക്ക് പായിക്കുക എന്നത് ശുവഗതോയ്ക്ക് അനായാസം സാധിക്കും.

“ഞങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. പാണ്ഡ്യ ചെയ്യേണ്ടതായി ഞാന്‍ ആവശ്യപ്പെട്ട ഒരു കാര്യം യോര്‍ക്കര്‍ എറിയാന്‍ ശ്രമിക്കാതിരിക്കുക എന്നതായിരുന്നു. “ബാക്ക് ഓഫ് എ ലെങ്ങ്ത്” ബൗള്‍ ചെയ്യാനും ഏത് ലെങ്ങ്തില്‍ എറിയണമെന്നതും ആയിരുന്നു കുഴക്കിയ വിഷയങ്ങള്‍. വൈഡ് എറിയാനേ പാടില്ല എന്നും നിര്‍ദ്ദേശിച്ചു. പ്ലാന്‍ അനുസരിച്ച് സെറ്റ് ചെയ്ത ഫീല്‍ഡിന് അനുസൃതമായിത്തന്നെ പാണ്ഡ്യ ബൗള്‍ ചെയ്തു,” മത്സരശേഷമുള്ള സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് ധോണി പറഞ്ഞു.

മുതിര്‍ന്ന താരം ആശിഷ് നെഹ്രയുമായി ദീര്‍ഘനേരം ചര്‍ച്ച ചെയ്തത് എന്താണെന് വെളിപ്പെടുത്താന്‍ ധോണി വിസമ്മതിച്ചു. ബംഗ്ലാദേശിനെ വിജയത്തിനു തൊട്ടടുത്ത് എത്തിച്ച ശേഷം ഒരു മോശം ഷോട്ടിലൂടെ പുറത്തായ മഹ്മദുള്ള റിയാദിനോടുള്ള സിംപതിയും ധോണി പ്രകടിപ്പിച്ചു. മനോഹരമായ യോര്‍ക്കറുകള്‍ എറിഞ്ഞ് നിര്‍ണ്ണായകമായ 19-ആം ഓവര്‍ ഗംഭീരമാക്കിയ ജസ്പ്രീത് ബുംറയേയും ധോണി പ്രശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button