ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിംഗ് താരം വിജേന്ദര്‍സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ബോക്സിംഗ് ഭരണത്തിന്‍റെ താറുമാറായ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടെയാണ് വിജേന്ദര്‍ മോദിയെ കണ്ടത്.
പ്രൊഫഷണല്‍ ബോക്സിംഗ് സര്‍ക്യൂട്ടില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ശേഷം മത്സരിച്ച നാല് ഇടിയുദ്ധങ്ങളും ജയിച്ച വിജേന്ദര്‍ 10 ദിവസം നീളുന്ന ഹോളി അവധിക്കാലം നാട്ടില്‍ ചിലവഴിക്കാനെത്തിയതാണ്.
ഏറെ തിരക്കുകളുള്ള വ്യക്തിയായ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ബോക്സിംഗിന്‍റെ ശോചനീയമായ അവസ്ഥ അറിയില്ലായിരുന്നു എന്നും തന്‍റെ വിശദീകരണം ശ്രദ്ധാപൂര്‍വ്വം കേട്ടശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന് ഉറപ്പു തന്നതായും കൂടിക്കാഴ്ചയ്ക്കു ശേഷം വിജേന്ദര്‍ പറഞ്ഞു.
2012-ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ കാരണം ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ (അയ്‌ബ) ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷനെ സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. 2014-ല്‍ പകരം രൂപീകരിച്ച ബോക്സിംഗ് ഇന്ത്യ എന്ന സംഘടനയും സംസ്ഥാന യൂണിറ്റുകളുടെ വിയോജിപ്പ് മൂലം ഗതി പിടിച്ചില്ല. ഇപ്പോള്‍ അയ്‌ബ ഏര്‍പ്പെടുത്തിയ ഒരു അഡ്-ഹോക് കമ്മിറ്റിയാണ് ഇന്ത്യന്‍ ബോക്സിംഗിലെ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇതിനാല്‍ ഇന്ത്യന്‍ ബോക്സേഴ്സിന് അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ പതാകയുടെ കീഴില്‍ മത്സരിക്കാനാവില്ല എന്ന അവസ്ഥയാണ്. മാത്രമല്ല ഇന്ത്യ സ്വന്തം നിലയില്‍ അസോസിയേഷന്‍ രൂപീകരിച്ചില്ലെങ്കില്‍ 2016-ളെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ള ബോക്സര്‍മാര്‍ക്കു പോലും അയോഗ്യത കല്‍പ്പിക്കപ്പെടും. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് വിജേന്ദര്‍ പ്രധാനമന്ത്രിയുടെ സഹായം തേടിയത്.
ജൂണില്‍ ഇന്ത്യയില്‍ വച്ച് വിജേന്ദര്‍ WBO ഏഷ്യാ കിരീടത്തിനായി ഒരു മത്സരത്തില്‍ പങ്കെടുക്കും.
Post Your Comments