തിരുവനന്തപുരം: ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു. പഴയ റഷ്യയുടെ മോഡല്‍ പിന്തുടര്‍ന്ന് ഒരു ദേശത്ത് തന്നെ വിവിധ രാജ്യങ്ങള്‍ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരെ ആക്രമിക്കുന്നത് സിപിഎം തുടരുമ്പോള്‍ ഇതിനെതിരെ യാതൊന്നും ചെയ്യാതെ ഇരിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാസ്റ്റര്‍ പ്ലാനിന്‍റെ മറവില്‍ സിപിഎമ്മും കോണ്‍ഗ്രസും കച്ചവട രാഷ്ട്രീയം നടത്തുന്നതിനെതിരെ ബിജെപി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എച്ച് രാജ.
ഈ കച്ചവട കൂട്ടുകെട്ടിന് കാരണം പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ഐക്യമാണെന്നും അതിനാല്‍ ആത്മാര്‍ത്ഥതയുള്ള സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീതാറാം യെച്ചൂരിയെ കടന്നാക്രമിച്ച എച്ച് രാജ, യെച്ചൂരി ദേശീയതയ്ക്കു വേണ്ടിയുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാതെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ജിഹാദി ഗ്രൂപ്പുകള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് കുറ്റപ്പെടുത്തി. ജെഎന്‍യു സര്‍വ്വകലാശാലയില്‍ മുഴങ്ങിയ ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്‍റേയും ഇടതുപക്ഷത്തിന്‍റേയും.
ധര്‍ണയില്‍ പങ്കെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ സമാധാനം ആഗ്രഹിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ശ്രമങ്ങളെ അപലപിച്ചു.
Post Your Comments