വീണ്ടും ഒരു ശിവരാത്രി വരികയാണ്. ഉത്സവാഘോഷങ്ങളും. വേനല്‍ ചൂടിലും ഉത്സവ ലഹരിയിലാണ് മധ്യകേരളം. ശിവരാത്രിയോടെ ഓണാട്ടുകരയില്‍ കുത്തിയോട്ടത്തിന് തുടക്കമാകും. ശിവരാത്രി മുതല്‍ ഭരണി വരെ പത്തു ദിവസമാണ് ചെട്ടികുളങ്ങരയമ്മയുടെ ഉത്സവമായ കുംഭ ഭരണിയുടെ പ്രധാന വഴിപാടായ കുത്തിയോട്ടം നടക്കുന്നത്. കുത്തിയോട്ടം എന്ന അനുഷ്ഠാനകല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളില്‍ നിലവിലുള്ള ഒന്നാണ്. പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത് അവരുടെ തറവാട്ടുമുറ്റത്ത് പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്. ചുവന്ന പട്ടുടുത്ത് മാലയണിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് കുത്തിയോട്ടക്കാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്.
കുത്തിയോട്ടം നടത്തുന്ന വീട്ടില്‍ വലിയ പന്തല്‍ ഇടുകയും വീട്ടില്‍ വരുന്നവര്‍ക്ക് യാതൊരു കുറവുകളുമില്ലാതെ അത്രയും ദിവസം ഭക്ഷണം ഒരുക്കുകയും ചെയ്യും. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങള്‍ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാന്‍ ഉണ്ടാകും. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങള്‍ വേണ്ടി വരുന്നു. കുത്തിയോട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതല്‍ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവില്‍ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വര്‍ണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആണ്‍കുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരല്‍ മുറിയുന്ന ചടങ്ങ് എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച് കയ്യില്‍ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. ഇതാണ് ചൂരല്‍ മുറിയല്‍.
വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂല്‍ ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് അവസാനിക്കും.
Post Your Comments