NewsIndia

ജെഎന്‍യു, മാതൃകാപരമായ ഗവേഷണങ്ങളൊന്നും നടക്കാത്ത നിര്‍ഗുണ സര്‍വ്വകലാശാല: മാര്‍ക്കണ്ഡേയ ഖട്ജു

ന്യൂഡല്‍ഹി: തനിക്ക് ജെഎന്‍യുവിനെക്കുറിച്ച് മോശം അഭിപ്രായമാണെന്ന് തുറന്നുപറഞ്ഞു കൊണ്ട് വിവാദങ്ങളുടെ കളിത്തോഴന്‍ മാര്‍ക്കണ്ഡേയ ഖട്ജു രംഗതെത്തി. ജെ എന്‍യു നിര്‍ഗുണ സര്‍വ്വകലാശാലയാണെന്നാണ് മാര്‍ക്കണ്ഡേയ ഖഡ്ജുവിന്‍റെ ട്വീറ്റ്. ജെഎന്‍യുവിനെ കേന്ദ്രീകരിച്ച് അടുത്തിടെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ ഖഡ്ജുവിന്‍റെ രൂക്ഷവിമര്‍ശനം. തുടക്കം മുതല്‍ ഇതുവരെ രാജ്യത്തിനാവശ്യമായ ക്രിയാത്മകമോ ശാസ്ത്രീയമോ ആയ യാതൊരു ആശയങ്ങളും ജെഎന്‍യുവില്‍ നിന്ന് പിറന്നിട്ടില്ലെന്ന് ഖഡ്ജു ട്വിറ്ററില്‍ വിമര്‍ശിച്ചു.

ജെഎന്‍യുവിനെ വാനോളം പുകഴ്ത്തുന്നവര്‍ ചിന്തിക്കണം എന്ത് സംഭാവനയാണ് അവിടെ നിന്ന് ലഭിച്ചിട്ടുള്ളതെന്ന്. യുഎസിലെ ഹാര്‍വാര്‍ഡ്, ബെര്‍ക്കലെ, സ്റ്റാന്‍ഫോര്‍ഡ് പോലുള്ള സര്‍വ്വകലാശാലകള്‍ ഒരു ഡസനോളം നൊബേല്‍ പുരസ്‌കാര ജേതാക്കളെയാണ് ഇതുവരെ സമ്മാനിച്ചിട്ടുളളത്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ പേരിലാണ് ഇവയെല്ലാം ലഭിച്ചിട്ടുളളത്. വിദേശത്തും ഇവിടെയും പുകഴ്ത്തുന്നവര്‍ ഇത് ചിന്തിക്കുന്നില്ല. ജെഎന്‍യുവില്‍ എന്ത് ഗവേഷണമാണ് നടക്കുന്നതെന്ന് ഖഡ്ജു ചോദിച്ചു.

കോളേജോ സ്‌കൂളോ പോലെയല്ല സര്‍വ്വകലാശാലകള്‍. സര്‍വ്വകലാശാലകള്‍ ഗവേഷണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനാണ് ശ്രമിക്കേണ്ടത്. ജെഎന്‍യുവില്‍ നടക്കുന്ന ഗവേഷണങ്ങളൊക്കെ രചനാമോഷണവും മൂല്യമില്ലാത്തതുമാണെന്നും ഖഡ്ജു ചൂണ്ടിക്കാട്ടി. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആസാദി മുദ്രാവാക്യം വിളിക്കാനും ബഹളമുണ്ടാക്കാനുമാണ് കൂടുതല്‍ അറിവ്. ദാരിദ്ര്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും എങ്ങനെ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് കനയ്യയും കൂട്ടുകാരും സംസാരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ശാസ്ത്രീയമായി സാധിക്കുമെന്ന് ഇതുവരെ ഇവര്‍ ചിന്തിക്കാന്‍ പോലും തയ്യാറായിട്ടില്ല.

കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ അതിന്‍റെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോയെന്ന് ഖഡ്ജു ചോദിച്ചു. പണ്ഡിറ്റുകളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും കാശ്മീരികള്‍ക്കെതിരായ കടന്നുകയറ്റത്തെ താന്‍ പൂര്‍ണമായി എതിര്‍ക്കുന്നുവെന്നും ഖഡ്ജു ചൂണ്ടിക്കാട്ടുന്നു. കാശ്മീരിലെ ചെറുകിട കച്ചവടക്കാര്‍ ഇന്ത്യയില്‍ മുഴുവന്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്ക്കുന്നുണ്ട്. കാശ്മീരിന്റെ സ്വാതന്ത്ര്യത്തോടെ അവര്‍ക്ക് അതെല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുക.

വ്യക്തിപരമായി ഇന്ത്യ വിരുദ്ധ, കാശ്മീരിന്‍റെ സ്വാതന്ത്ര്യ മുദ്രാവാക്യങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഖഡ്ജു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് താന്‍ എതിരാണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button