ബാലരാമപുരം : മദ്യപാനം ചോദ്യം ചെയ്ത മകനെ പിതാവ് പെട്രോളൊഴിച്ച് കത്തിച്ചു. പള്ളിച്ചല്‍ അയണിമൂട് മുക്കലമ്പാട് വീട്ടില്‍ രാജേഷ് കുമാര്‍(26) ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛന് ഭുവനചന്ദ്രന് നായരെ (62) നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
മകന് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. രാജേഷ് കൊല്ലപ്പെടുന്ന ദിവസം വൈകിട്ട് വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മദ്യപാനിയായ അച്ഛനോടു വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മകന് പറഞ്ഞു. തുടര്‍ന്ന്, വീടുവിട്ടുപോയ ഇയാള്‍ പാപ്പനംകോട്ടെ ബന്ധുവീടിനു സമീപം ഷെഡില്‍ കിടന്നുറങ്ങിയ ശേഷം അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തി.
പള്ളിച്ചലിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങി വീട്ടിലെത്തുകയും ചെയ്തു. തുടര്‍ന്നു വീടിനു പിന്നിലിരുന്നു മദ്യപിച്ച ശേഷം മകന് കിടന്നിരുന്ന കട്ടിലില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മുറിയുടെ ഒരു വശത്തെ ജനല്‍പാളി പുറത്തു നിന്നു തുറന്നശേഷമാണ് കട്ടിലിലെ ബെഡില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. മുറി അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നതിനാല്‍ രാജേഷിനു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
രാജേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജേഷിന്റെ മരണശേഷം ഭുവനചന്ദ്രന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. രാജേഷിന്റെ സുഹൃത്തുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഭുവനചന്ദ്രന് നായരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കൊലപാതക കഥ പുറത്തു വന്നത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments