അജീഷ് ലാല്‍
ജനസാന്ദ്രതകൂടിയ കേരളത്തില്‍ നിലവിലുള്ളതും എന്നാല്‍ വരും കാലങ്ങളില്‍ വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പോകുന്നതുമായ വലിയൊരു വിപത്താണ് ഇ-മാലിന്യങ്ങള്‍. ഈയം, മെരര്ക്കുറി, കാഡ്മിയം, ആര്‍സെനിക് തുടങ്ങി ജീവന് ഭീഷണിയായ ലോഹങ്ങള്‍ അടങ്ങിയതാണ് ഇലക്ട്രോണിക് മാലിന്യങ്ങളെ അപകടകാരിയാക്കുന്നത്.
അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇമാലിന്യങ്ങള്‍ കയറ്റി അയച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. എന്നാല്‍ അതിനു ശേഷവും അഹമ്മദാബാദ് തുറമുഖം വഴിമാത്രം പ്രതിമാസം 30 ടണ്‍ ഇ-മാലിന്യം ഇന്ത്യയിലേക്ക് എത്തുകയുണ്ടായി. ഇന്ത്യയിലെ വന്‍ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നൂറുകണക്കിന് ഇ-മാലിന്യസംസ്കരണ ശാലകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണബോര്ഡുകളില് നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ ഇറക്കുമതി ചെയ്യാനായി നേടുന്ന അനുമതിയുടെ മറവിലാണ് ഇമാലിന്യ ഇറക്കുമതി നിര്‍ബാധം നടക്കുന്നത്. 2006 ല്‍, ഇന്ത്യന്‍ അധികാരികളെ സ്വാധീനിച്ച്, ‘സ്ക്രാപ്പ്’ എന്ന പേരില്‍ അപകടകരമായ മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ കൊണ്ട് വന്ന് തട്ടാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ ശ്രമത്തെ തുറന്ന് കാട്ടിയ ഗ്രീന്‍പീസ്, മാധ്യമ പ്രചരണം വഴി ആ ശ്രമം തടഞ്ഞു.
2012 ല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഇ-മാലിന്യത്തെ സംബന്ധിച്ച് ഒരു കരടുരേഖ തയ്യാറാക്കിയിരുന്നു. ഇന്ത്യയിലെ വന്‍നഗരങ്ങളിലെ ഇമാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പ്രാഥമിക പഠനപ്രകാരം അന്ന് 1.46 ദശലക്ഷം ടണ്‍ ഇ-മാലിന്യം ഇന്ത്യയിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
•മുംബൈ (11,000 ടണ്‍)
•ഡല്‍ഹി (10,000)
•ബാംഗ്ലൂര്‍ (10,000)
•ചെന്നൈ (4,000)
•കൊല്‍ക്കത്ത (4,000)
ഇത് 2012 ലെ കണക്കുകളാണെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ഊഹിക്കാമല്ലൊ. 2017 ആകുമ്പോഴേയ്ക്കും ഡല്‍ഹി ദേശീയ തലസ്ഥാന മേഖല(എന്‍.സി.ആര്)യില്‍ വര്‍ഷം 95,000 മെട്രിക് ടണ്‍ ഇലക്ട്രോണിക് വേസ്റ്റ് ഉണ്ടാകുമെന്നാണു നിഗമനം. ഇപ്പോള്‍ ഏകദേശം 55,000 മെട്രിക് ടണ്‍ ഇ-വേസ്റ്റ് ആണ് ഡല്‍ഹിയില്‍ വര്‍ഷമുണ്ടാവുന്നത്. വരും വര്‍ഷങ്ങളില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഈ വളര്‍ച്ചാ നിരക്കാണ് ഡല്‍ഹിയെ ആശങ്കപ്പെടുത്തുന്നത്. ഡല്‍ഹിയിലെ ഇ-വേസ്റ്റ് റീ സൈക്കിളിങ് യൂണിറ്റുകളില്‍ രണ്ടര ലക്ഷത്തിലേറെ പേര് ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അസോചം സെക്രട്ടറി ജനറല്‍ ഡി.എസ്. റാവത്ത്. രാജ്യത്തെ മൊത്തം ഇവേസ്റ്റ് വര്‍ഷം 13 ലക്ഷം മെട്രിക് ടണ്ണാണ്.
•മുംബൈ 96,000 മെട്രിക് ടണ്‍
•ബംഗളൂരു 52,000 മെട്രിക് ടണ്‍
•ചെന്നൈ 47000 മെട്രിക് ടണ്‍
•കോല്‍ക്കത്ത 35000 മെട്രിക് ടണ്‍
•അഹമ്മദാബാദ് 26000 മെട്രിക് ടണ്‍
•ഹൈദരാബാദ് 25000 മെട്രിക് ടണ്‍
•പൂനെ 19000 മെട്രിക് ടണ്‍
വികസിത രാജ്യങ്ങളിലുണ്ടാകുന്ന ഇവേസ്റ്റിന്റെ ബഹുഭൂരിഭാഗവും ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് അസോച്ചമിന്റെ വിലയിരുത്തല്‍. ഇവേസ്റ്റ് റീ സൈക്കിളിങ്ങിന്റെ പ്രധാന ഹബ്ബായി ഡല്‍ഹി മാറുന്നു. ലോകത്തെ തന്നെ പ്രമുഖ ഹബ്ബാവും ഇതെന്നും പ്രവചനം. ഗ്ലാസിനും പ്ലാസ്റ്റിക്കിനും നല്ല വിപണിയുണ്ട് ഡല്‍ഹിയില്‍. ഇതുകൊണ്ടുതന്നെ മുംബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ഇ-വേസ്റ്റ് ദേശീയ തലസ്ഥാനത്തെത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് കണ്ടെയ്നര്‍ വഴി ഇവിടേയ്ക്ക് എത്തിപ്പെടുന്നവയില് ബയോമെഡിക്കല്‍ മാലിന്യം വരെയുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്നു. ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്ക്ക് ഇത് വഴി തെളിക്കും. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തി , ഇഞ്ചക്ഷന് മരുന്നിന്റെ സ്ഫടികക്കുപ്പി , മുറിവ് തുന്നിക്കെട്ടിയശേഷമുളള അവശിഷ്ടങ്ങള്‍ ശസ്ത്രക്രിയാനന്തരം മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങള്‍ , പരിശോധനക്കായി ശേഖരിക്കുന്ന രക്തസാമ്പിളുകള്‍ സിറിഞ്ച്, ബ്ലഡ്ബാഗുകള്‍ എന്നിവ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇമാലിന്യസംസ്കരണ ശാലകളില്‍ എത്തുന്നു. വന്‍ റാക്കറ്റുകള്‍ വാഴുന്ന മെഡിക്കല്‍ രംഗത്ത് പറയേണ്ടതില്ലല്ലോ സിറിഞ്ചിന്റേയും സൂചിയുടേയും ഗുണ നിലവാരം.
ഈയടുത്തകാലത്ത് അമേരിക്കയില്‍ നിന്ന് കൊച്ചിയില്‍ ഇറക്കുമതി ചെയ്ത ഖരമാലിന്യം തിരിച്ചയയ്ക്കാന്‍ കൊച്ചി കസ്റ്റംസിനോട് മലിനീകരണ നിയന്ത്രണബോര്‍ഡ് ആവശ്യപ്പെട്ടു. ഇറക്കുമതിചെയ്ത കൊച്ചിയിലെ കൊച്ചിന് കടലാസ് എന്ന സ്ഥാപനത്തിന്റെ ചെലവില്‍ തിരിച്ചയയ്ക്കണം. 61.49 മെട്രിക്ക് ടണ്‍ ഖരമാലിന്യം കണ്ടെയ്നറുകളില്‍ എത്തിയത് അമേരിക്കന്‍ മാലിന്യങ്ങള്‍ ഇന്ത്യയില്‍ തള്ളാനാവണം ഇറക്കുമതിക്ക് അനുമതി കിട്ടിയതെന്ന് ബോര്‍ഡ് സംശയിക്കുന്നു. കിലോയ്ക്ക് 25 രൂപ ഈ പാഴ്വസ്തുക്കള്ക്ക് വിലയുണ്ടെന്ന് ബോര്‍ഡ് കരുതുന്നു. അതിലും വളരെ കുറഞ്ഞ തുകയ്ക്ക് പാഴ്ക്കടലാസ് വസ്തുക്കള്‍ ഇവിടെ കിട്ടുമെന്നിരിക്കെ ഈ ഇറക്കുമതി നിഗൂഢമാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടങ്ങളിലൊക്കെ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരമുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണ്. അസോചം പഠന റിപ്പോര്‍ട്ട് പ്രകാരം 35,000 മുതല്‍ 45,000 വരെ കുട്ടികളെ ഡല്‍ഹിയിലെ റീ സൈക്കിളിങ് യൂണിറ്റുകളില്‍ തൊഴില്‍ എടുപ്പിക്കുന്നുണ്ടെന്നും പത്തു മുതല്‍ 14 വരെ വയസ് പ്രായമുള്ളവരാണിവര്‍ എന്നും തെളിയുകയുണ്ടായി. രാജ്യത്ത് ബാലവേല ചെയ്യുന്ന കുട്ടികള്‍ ഏറെയും കൈകാര്യം ചെയ്യുന്നത് ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന്. എന്നാല്‍ മേല്‍ നടപടി സ്വീകരിക്കാന്‍ മാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ല എന്നത് അന്വേഷണം ഫയലുകളില്‍ ഒതുങ്ങുപ്പോകുന്നു.
മാലിന്യം വ്യാപകമായി കയറ്റുമതി ചെയ്യുന്നുണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഇതു തടയാന്‍ തുറമുഖങ്ങളില്‍ പരിശോധന ശക്തമാക്കുന്നില്ല എന്നത് തന്നെയാണ് ആരൊക്കെ വിദേശ പണം കൈപ്പറ്റുന്നുണ്ട് എന്നതിന്റെ തെളിവ്.
Post Your Comments