കാസര്‍കോട്: കാസര്‍കോടെ പൊതുമേഖല ബാങ്കിന്റെ ലോക്കറില്‍ നിന്നും കാണാതായ സ്വര്‍ണം കണ്ടെത്തി. ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് സ്വര്‍ണമടങ്ങിയ പെട്ടി ലഭിച്ചത്. എന്നാല്‍ സ്വര്‍ണം എങ്ങനെ മാലിന്യക്കൂമ്പാരത്തിനുള്ളിലെത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നു ചൂണ്ടിക്കാട്ടി ആലംപാടി, ബാഫഖി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്. ബാങ്ക് ലോക്കറില്‍ 100 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നു എന്ന ഇടപാടുകാരിയുടെ മൊഴിയല്ലാതെ, സ്വര്‍ണം ബാങ്കില്‍ തന്നെയുണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നതോടെ പൊലീസിനും അന്വേഷണം വഴിമുട്ടി. എന്നാല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ-വേയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്. ലോക്കര്‍ കാബിന് സമീപത്തെ സിസിടിവി കാമറ പ്രവര്‍ത്തിക്കാത്തതും സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരിയും ബന്ധുക്കളും പറയുന്നു.
ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കിടയില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്കായയിട്ടില്ല. 140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കര്‍ തുറന്ന് സ്വര്‍ണം എടുത്ത ശേഷം മടക്കി വയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വയ്ക്കാന്‍ മറന്നാതാകുമെന്ന സംശയമാണ് അധികൃതര്‍ പോലീസിനോട് പറയുന്നത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയാല്‍ സ്വര്‍ണം മടക്കി ലഭിക്കാന്‍ കാലതാമസം നേരിടും എന്നതിനാല്‍ സൈനബ പരാതി പിന്‍വലിച്ചു.
Post Your Comments