ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ വിവാദ ആഡംബര വാച്ച് ഇനി സംസ്ഥാനത്തിന്റെ പൊതുസ്വത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിലുള്ള സുഹൃത്ത് ഗോപാല്‍ പിള്ള ഗിരീഷ് ചന്ദ്രവര്‍മ്മ തന്നതാണ് വജ്രം പതിച്ച തന്റെ ഹ്യൂബ്ലോ വാച്ചെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് 14 ലക്ഷം രൂപയാണ് വാച്ചിന്റെ വില. വജ്രം പതിപ്പിച്ച വാച്ചിന് 70 ലക്ഷം രൂപയാണ് വിലയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വാച്ച് എവിടന്ന് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവര്‍ ആവശ്യമുയര്‍ത്തിയിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദം മാനിച്ചാണ് വാച്ച് സ്വീകരിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. എല്ലാ രേഖകളും ലോകായുക്തയ്ക്കും ആദായ നികുതി വകുപ്പിനും നല്‍കും. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നിലവില്‍ ലോകായുക്തയ്ക്ക് മുന്നിലുണ്ട്.
ആരോപണമുന്നയിച്ച ജനതാദള്‍(എസ്) സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമിയുടെ വാച്ചുകളുടേയും കാറുകളുടേയും വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments