കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കെ.ജെ. മാത്യുവിനെ മുംബൈയില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഉടമയാണ് ഇയാള്‍. അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിലൂടെ കോടിക്കണക്കിന് രൂപ മാത്യു തട്ടിയെടുത്തെന്നാണ് കേസ്.കേസിലെ രണ്ടാം പ്രതിയാണ് മാത്യു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തിച്ച മാത്യുവിനെ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി.
കൊച്ചിയിലുള്ള മാത്യു ഇന്റര്‍നാഷണല്‍, കെ.ജെ. ഇന്റര്‍നാഷണല്‍, ചങ്ങനാശ്ശേരിയിലെ പാന്‍ ഏഷ്യ എന്നീ സ്ഥാപനങ്ങളിലൂടെയാണ് മാത്യു തട്ടിപ്പ് നടത്തിയത്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്തട്ടിപ്പിലെ കേരളത്തില്‍ നിന്നുള്ള പ്രധാന പ്രതിയാണിയാള്‍. ചട്ടങ്ങള്‍ ലംഘിച്ച് കേരളത്തില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിനായി വന്‍തുക വാങ്ങിയതിനുമാണ് മാത്യുവിന്റെ സ്ഥാപനങ്ങള്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം മാത്രം നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ പത്ത് കോടിയിലേറെ രൂപയാണ് സമ്പാദിച്ചത്. തട്ടിപ്പിന് ശേഷം മുംബൈയിലേക്ക് പോയ മാത്യുവിനെ പിടിക്കാന്‍ സി.ബി.ഐ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് മാത്യുവിന് പലകുറി നോട്ടീസ് അയച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നു.
Post Your Comments