തിരുവനന്തപുരം: ജർമ്മനിയിലേയ്ക്ക് നഴ്‌സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട ഷോർട്ട് ലിസ്റ്റിൽ നിന്നും അഭിമുഖത്തിന് ശേഷം തിരഞ്ഞെടുത്ത 580 പേരുൾപ്പെടുന്ന റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
റാങ്ക് ലിസ്റ്റ് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org യിൽ ലഭ്യമാണ്. ജർമ്മൻ ഭാഷാ പരിജ്ഞാനമുളളവരെ ഉൾപ്പെടുത്തിയുളള ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്മെന്റ് ഉൾപ്പെടെ 632 നഴ്‌സിംഗ് പ്രൊഫഷണലുകളാണ് അഭിമുഖത്തിൽ പങ്കെടുത്തത്. നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരത്തായിരുന്നു അഭിമുഖം.
കഴിഞ്ഞ മെയ് മാസത്തിൽ അഭിമുഖം പൂർത്തിയായി ആദ്യഘട്ട വെയിറ്റിങ്ങ് ലിസ്റ്റിൽ ഉൾപ്പെട്ട 20 പേരും, നവംബറിൽ നടന്ന രണ്ടാം ഘട്ട അഭിമുഖത്തിൽ നിന്നുളള 280 ഉദ്യോഗാർത്ഥികളും പട്ടികയിലുണ്ട്. ഇതിനോടകം ജർമ്മൻ ഭാഷാ പരിശീലനം നേടിയവർക്കായുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയിൽ നിന്നും 6 ഉം, ഉപാധികളോടെയുളള ഫാസ്റ്റ് ട്രാക്ക് കാറ്റഗറിയിൽ (ജർമ്മൻ ഭാഷാപഠനത്തിന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ) നിന്നും 24 പേരും, നവംബറിലെ അഭിമുഖത്തിൽ പങ്കെടുത്ത വെയിറ്റിങ്ങ് ലിസ്റ്റിൽ ഉൾപ്പെട്ട 250 ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നതാണ് 580 പേരുടെ റാങ്ക് ലിസ്റ്റ്.
രണ്ടാം ഘട്ടത്തിൽ 300 നഴ്‌സിംഗ് പ്രൊഫഷണലുകളെയാണ് ജർമ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാർത്ഥികളുടെ പഠന നിലവാരവും, തൊഴിൽ പരിചയവും, പ്രൊഫഷണൽ മികവും കണക്കിലെടുത്താണ് 580 പേരെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. റാങ്ക് ലിസ്റ്റിൽ നിന്നുളള ആദ്യ 300 പേരുടെ ജർമ്മൻ ഭാഷാ പരിശീലനം 2023 ജനുവരിയിലും മറ്റുളളവർക്ക് അടുത്ത ജൂണിലുമാണ്.
ജർമ്മനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ പ്രോഗ്രാം. കേരളത്തിൽ നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി കേരളത്തിലും ജർമ്മനിയിൽ എത്തിയ ശേഷവുമുളള ജർമ്മൻ ഭാഷാ പഠനവും, യാത്രാചെലവുകൾ, റിക്രൂട്ട്‌മെന്റ് ഫീസ് എന്നിവ സൗജന്യമാണ്. റിക്രൂട്ട്മെന്റ് സംബന്ധിച്ചും, റാങ്ക് ലിസ്റ്റ് സംബന്ധിച്ചുമുളള കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 24 മണിക്കൂറും പ്രവാർത്തിക്കുന്ന ടോൾ ഫ്രീ നമ്പറിൽ 1800 425 3939 ബന്ധപ്പെടാവുന്നതാണ്.
Read Also: സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയെടുത്തു : യുപി സ്വദേശി പിടിയിൽ
Post Your Comments