ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബി.ജെ.പി യുമായി സഖ്യമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് പകരം പി.സി തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
കെ.എം.മാണിയുടെ മണ്ഡലമായ പാലായില്‍ പി.സി.തോമസിനെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ സഖ്യവിപുലീകരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, പി.സി.തോമസ് എന്നിവര്‍ ഡല്‍ഹിയില്‍ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ വൈകുന്നതിനാലാണ് സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതെന്ന് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദ എന്നിവരുമായി പി.സി.തോമസ് ചര്‍ച്ച നടത്തി. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലങ്ങള്‍ പി.സി.തോമസിന്റെ കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments