കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്ത്-കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നു. അടുത്തമാസം 28 മുതല്‍ നിലവില്‍ വരുന്ന വേനല്‍ക്കാല ഷെഡ്യൂളിലാണ് നിലവിലുള്ള മൂന്ന് സര്‍വ്വീസുകള്‍ അഞ്ചായി വര്‍ധിപ്പിക്കുക.
ജൂണ്‍ എട്ടിനാണ് അധിക സര്‍വ്വീസുകള്‍ തുടങ്ങുക. ഇതോടെ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ കൂടി വിമാനം സര്‍വ്വീസ് നടത്തും. നിലവില്‍ ഞായര്‍, ചൊവ്വ, വ്യാഴം ദിവങ്ങളിലാണ് കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കുന്നത്.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 11.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 1.50ന് കുവൈത്തിലും 2.50ന് കുവൈത്തില്‍നിന്ന് തിരിച്ച് രാവിലെ 9.50ന് കോഴിക്കോട്ടുമെത്തും. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലെ നിലവിലെ സര്‍വ്വീസുകളുടെ സമയത്തില്‍ മാറ്റമുണ്ടാവില്ല. രാവിലെ 11.50ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 2.10ന് കുവൈത്തിലും 3.10ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.50ന് കോഴിക്കോട്ടുമെത്തുന്ന സമയം തുടരും.
പുതിയ സര്‍വിസുകള്‍ നിലവില്‍ വരുന്നതോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്ക് രണ്ടു വീതം സര്‍വ്വീസുകളാവും. മാര്‍ച്ച് 28 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള വേനല്‍കാല ഷെഡ്യൂളില്‍ 23 സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നിലവിലുള്ള 96 സര്‍വിസുകള്‍ 119 ആയി ഉയരും.
Post Your Comments