ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഫ്രീഡം 251 അവതരിപ്പിച്ച റിംഗിംഗ് ബെല്‍ എന്ന കമ്പനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. 2300 രൂപയെങ്കിലും ചെലവിടാതെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനാവില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം.
വ്യാഴാഴ്ച രാവിലെ ആറു മണിക്കാണ് ഫ്രീഡം 251, വെബ്‌സൈറ്റ് വഴി ഫോണിനുള്ള ബുക്കിങ്ങ് കമ്പനി ആരംഭിച്ചത്. സന്ദര്‍ശകര്‍ കൂട്ടമായെത്തിയതോടെ സൈറ്റ് ഡൗണായി. ഇതേത്തുടര്‍ന്നാണ് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തിയത്. 24 മണിക്കൂറിനകം തിരിച്ചുവരുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. ഷിപ്പിങ്ങ് ചാര്‍ജ് അടക്കം 291 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഇത് പ്രകാരം 30,000 ഓര്‍ഡറുകളില്‍ നിന്നുമായി 87 ലക്ഷത്തിലധികം രൂപ കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഈ പണം ഒരു പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുമെന്ന് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ പറഞ്ഞു.
ആദ്യ ദിനം തന്നെ 30,000 ഓര്‍ഡര്‍ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്കന്റില്‍ ആറ് ലക്ഷത്തിലേറെ പേര്‍ വെബ്‌സൈറ്റില്‍ കയറിയതോടെ സെര്‍വര്‍ പണിമുടക്കിയിരുന്നു. ഇതിന് വിശദീകരണം നല്‍കുന്നതിനിടെയാണ് കമ്പനി ഓര്‍ഡര്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്.
Post Your Comments