ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലുണ്ടായ രാജ്യവിരുദ്ധ സംഭവങ്ങളുടെ ഉത്തരവാദിത്വം ഡെമോക്രോറ്റിക് സ്റ്റുഡന്‍സ് നേതാവ് ഉമര്‍ ഖാലിദിലേയ്ക്ക് നീളുന്നു. ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുടെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ രാജ്യദ്രോഹ കേസ് നേരിടുമ്പോഴാണ് ഡല്‍ഹി പൊലീസ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമറിന്റെ പേര് എടുത്ത് പറയുന്നത്.
ഇതിനിടെ കശ്മീരില്‍ നിന്നുള്ള പത്ത് പേര്‍ ജെ.എന്‍.യു വില്‍ എത്തിയിരുന്നുവെന്ന് കനയ്യകുമാര്‍ പൊലീസിന് മുമ്പാകെ വെളിപ്പെടുത്തി. ഉമര്‍ ഖാലിദായിരുന്നു പ്രതിഷേധ പരിപാടിയുടെ മുഖ്യസംഘാടകനെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഉമര്‍ ഖാലിദിലേയ്ക്കാണ് നീളുന്നത്.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 9ന് കശ്മീരില്‍ നിന്നെത്തിയ യുവാക്കളും പങ്കെടുത്തിരുന്നു.തീവ്ര ഇടതുപക്ഷ സംഘടനയായ ഡി.എസ്.യു നേതാവ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ കശ്മീരുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചതെന്ന് പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ജെ.എന്‍.യു അധികൃതര്‍ തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയ്ക്കാന്‍ തുടങ്ങി. ഇന്ത്യ ഗോ ബാക്ക്, പാക്കിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങളെന്ന് കനയ്യ കുമാര്‍ പൊലീസില്‍ മൊഴി നല്‍കി.
എന്നാല്‍ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നത് പിറ്റേദിവസമാണ്. അതേസമയം വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പരിപാടി സംഘടിപ്പിച്ച ഉമര്‍ ഖാലിദ് അറസ്റ്റിലായില്ല. എന്നു മാത്രമല്ല ഒരു ദേശീയ വാര്‍ത്താ ചാനലില്‍ ഉമര്‍ ഖാലിദ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.
Post Your Comments