ന്യൂഡല്‍ഹി: ജെ.എന്‍.യു.വില്‍ അഫ്സല് ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ഥികളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനാവശ്യമായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്.ബസ്സി. പൊലീസിന്റെ പക്കലുള്ള ചിത്രങ്ങളും വീഡിയോകളും വിദ്യാര്‍ഥികളുടെ രാജ്യ വിരുദ്ധത പുറത്തുകൊണ്ടുവരും. എന്‍ഐഎ യ്ക്ക് നല്‍കാതെ പൊലീസ് തന്നെ ഈ കേസ് അന്വേഷിക്കുമെന്നും ബസ്സി പറഞ്ഞു.
തീവ്രവാദ ഗ്രൂപ്പുകളുമായി വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യം പറയാനാവൂ. വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഹാഫിസ് സഈദിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട സംഭവവും പൊലീസ് ഗൗരവപൂര്‍വം അന്വേഷിക്കുന്നുണ്ട്. പ്രാഥമിക തെളിവുകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും ബസ്സി പറഞ്ഞു.
അതേ സമയം പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജവഹര്‍ ലാല്‍ സര്‍വകലാശാല അദ്ധ്യാപകരും ജീവനക്കാരും പഠിപ്പ് മുടക്ക് ആരംഭിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റിനെ വിട്ടയക്കുക, വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുക, ക്യാമ്പസില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്.
Post Your Comments