Latest NewsNewsInternational

അന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചു, ഇന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണം: ബൈഡനോട് അഫ്ഗാനിയുടെ അഭ്യര്‍ത്ഥന

ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം

കാബൂള്‍: 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തമായ മഞ്ഞുകാറ്റിലകപ്പെട്ട ബൈഡനും സംഘത്തിനും അന്ന് തുണയായത് അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഇന്ന് അതേ മുഹമ്മദ് ബൈഡനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ആഗസ്റ്റ് 31 ഓടെ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയ പശ്ചാത്തലത്തിലാണ് അവസാന ആശ്രയം എന്ന നിലയില്‍ മുഹമ്മദ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് സഹായം അഭ്യര്‍ത്ഥിച്ചത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ അമേരിക്കന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരാണ് രാജ്യം വിട്ടു പോയത്.

ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ മറന്നുകളയരുതെന്നായിരുന്നു മുഹമ്മദിന്റെ അഭ്യര്‍ത്ഥന. 2008-ല്‍ സെനറ്ററായിരുന്ന ബൈഡന്‍, മുന്‍ സെനറ്റര്‍മാരായിരുന്ന ചക്ക് ഹേഗല്‍, ജോണ്‍ കെറി തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി അഫ്ഗാനിസ്ഥാനിലെ ഉള്‍പ്രദേശത്ത് ഹെലിക്കോപ്ടര്‍ നിലത്തിറക്കി. അങ്ങനെ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈഡന്‍ ഉള്‍പ്പെടെയുള്ളവരെ മുഹമ്മദ് രക്ഷപ്പെടുത്തി. അന്ന് യു.എസ്. സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിക്കുകയായിരുന്നു മുഹമ്മദ്.

താലിബാനെ പേടിച്ച് നാലുമക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ് മുഹമ്മദ്. അതേസമയം മുഹമ്മദിന്റെ അഭ്യര്‍ത്ഥന ബൈഡനിലേക്ക് എത്തിയെന്നാണ് സൂചന. മുഹമ്മദിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വ്യക്തമാക്കി. ‘ഞങ്ങള്‍ നിങ്ങളെ അവിടെ നിന്ന് കൊണ്ടുവരും. നിങ്ങളുടെ സേവനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു’ എന്നാണ് സാക്കി വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button