ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യൺ ഡോളർ മാനുഷിക സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിലെ ടെൽ അവീവിലെ തന്റെ ഹ്രസ്വ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ഗാസയ്ക്ക് അമേരിക്ക സഹായം നൽകുമെന്ന് അറിയിച്ചത്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നും പാർപ്പിടവും ആവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. സഹായം ഉടൻ തന്നെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗാസയിലെ സാധാരണക്കാർക്ക് ജീവൻ രക്ഷിക്കുന്ന മാനുഷിക സഹായം എത്തിക്കാൻ ഇസ്രായേൽ കാബിനറ്റിനോട് താൻ അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും നൽകുന്ന 100 മില്യൺ ഡോളർ ഒരു ദശലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘർഷബാധിതരുമായ പലസ്തീനികൾക്ക് സഹായകമാകുമെന്ന് ബൈഡൻ പറഞ്ഞു. കൂടാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളുണ്ടെന്നും ബൈഡൻ പറഞ്ഞു.
ഹമാസുമായുള്ള സംഘട്ടനത്തിൽ ഇസ്രായേലിനെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാട് ആവർത്തിക്കുകയാണ് അമേരിക്ക വീണ്ടും. ഇസ്രായേലിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു രാഷ്ട്രത്തിനുമുള്ള തന്റെ സന്ദേശം ഒരാഴ്ച മുമ്പുള്ളതുപോലെ തന്നെ തുടരുന്നുവെന്നും മാറ്റമില്ലെന്നും ബൈഡൻ അറിയിച്ചു. ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തെ യുഎസിലെ 9/11 ഇരട്ട ടവർ ആക്രമണവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ബൈഡന്റെ പ്രസ്താവന.
Post Your Comments